കോവിഡ്: ജില്ലയിൽ 3333 ഓക്സിജന്‍ ബെഡുകള്‍
text_fieldsകൊച്ചി: കോവിഡ് രണ്ടാംതരംഗത്തെ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും സഹകരണത്തോടെ സമഗ്ര കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കും.
മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന് എന്നിവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് ആദ്യഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ മാതൃക പിന്തുടര്‍ന്നായിരിക്കും പ്രവര്‍ത്തനം. ഇതിനായി ഓരോ പ്രാദേശിക ഭരണ സമിതികളുടെ നേതൃത്വത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ആദ്യ ഘട്ടമായി വാര്‍ഡ്തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ മന്ത്രി മൊയ്തീന് നിര്‍ദേശം നല്കി. അംഗന്‍വാടി, ആശ വര്‍ക്കര്‍മാര്‍, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാര്‍ എന്നിവരടങ്ങുന്ന സംഘത്തെ പുനഃസംഘടിപ്പിക്കാന്‍ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി നിലവില്‍ വന്ന സാഹചര്യത്തില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയാകും സമിതികള്‍ രൂപവത്കരിക്കുക.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകള്‍, ഡൊമിസില്‍ കെയര്‍ സെൻററുകള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകള്‍ എന്നിവ ഉടന്‍ ആരംഭിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും ഇതിന് നേതൃത്വം നല്‍കും. ഇത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയും പൂര്‍ത്തിയാക്കും. വാര്‍ഡ്തല സമിതികള്‍ ഓരോ വീടും സന്ദര്‍ശിച്ച് ബോധവത്കരണവും ക്വാറൻറീനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തണം. വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിദിന മോണിറ്ററിങ് സംവിധാനം ശക്തിപ്പെടുത്തും. ഓരോ തദ്ദേശ സ്ഥാപനവും തങ്ങളുടെ പരിധിയില്‍ എല്ലാവരും വാക്സിന് എടുെത്തന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകുന്ന വിധത്തിലുള്ള നടപടികളുണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ആദ്യഘട്ടത്തിലെ ജാഗ്രത തുടരും.
സമൂഹ അടുക്കള ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ ആവശ്യം വരുന്ന ഘട്ടത്തില്‍ ആരംഭിക്കും. ഓക്സിജന്‍ ശേഖരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്കി. ജില്ലയില്‍ 3333 ഓക്സിജന്‍ ബെഡുകള്‍ തയാറാക്കിയതായി കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ആയിരം ഓക്സിജന്‍ ബെഡുകള്‍കൂടി അധികമായി തയാറാക്കിവരുകയാണ്. 12,000 ബെഡാണ് സ്വകാര്യ ആശുപത്രികളിലടക്കം സജ്ജമായിട്ടുള്ളത്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. പത്തു ദിവസത്തിനകം കോവിഡ് വ്യാപന നിരക്ക് കുറക്കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു.
കൊച്ചി കോര്പറേഷന് പരിധിയില്‍ കൂടുതല്‍ എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കുന്നതിന് നടപടി ആരംഭിച്ചതായി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അറിയിച്ചു. മട്ടാഞ്ചേരി, പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണവും ലഭ്യമാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അറിയിച്ചു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ, ഡിസ്ട്രിക്ട് ഡെവലപ്മെൻറ് കമീഷണര്‍ അഫ്സാന പര്‍വീണ്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.