കോവിഡ്: മൂവാറ്റുപുഴ ടൗണിൽ കർശന നിയന്ത്രണം
text_fieldsമൂവാറ്റുപുഴ: കോവിഡിെൻറ രണ്ടാം തരംഗ വ്യാപനം ശക്തിപ്പെട്ട സാഹചര്യത്തിൽ മൂവാറ്റുപുഴ ടൗണിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭ ചെയർമാൻ പി.പി. എൽദോസിെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ് തീരുമാനം എടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നഗരസഭ ജീവനക്കാരും െപാലീസും സംയുക്ത പരിശോധന നടത്തും. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും.
രണ്ടുദിവസത്തിനകം 28 വാർഡിലും ദ്രുതകർമ സേനയുടെയും വാർഡുതല ജാഗ്രതസമിതിയുടെയും സംയുക്ത യോഗം ചേർന്ന് കർമപരിപാടികൾ തയാറാക്കും. അടിയന്തരഘട്ടം ഉണ്ടായാൽ ജനറൽ ആശുപത്രിക്കുപുറമെ ആയുർവേദ, ഹോമിയോ ആശുപത്രികളിലും സി.എഫ്. എൽ.ടി.സികൾ തുറക്കും.
കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആവശ്യക്കാർക്ക് നഗരസഭ സൗജന്യമായി ഭക്ഷണം എത്തിച്ചുനൽകും.
കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സകേന്ദ്രത്തിൽ എത്തിക്കാൻ സൗജന്യമായി വാഹനസൗകര്യം ഒരുക്കും. വാക്സിൻ ലഭ്യതക്കനുസരിച്ച് വിവിധ കേന്ദ്രങ്ങളിൽ കുത്തിവെപ്പ് ക്യാമ്പ് നടത്തും. ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ആയുർ രക്ഷാ ക്ലിനിക്കിൽ ചികിത്സയും പ്രതിരോധമരുന്ന് വിതരണവും ആരംഭിക്കും.
100പേർക്ക് പ്രതിദിനം പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. ഹോമിയോ പ്രതിരോധ ഗുളികകളുടെ വിതരണവും നടത്തും. വാർഡുതല ദ്രുതകർമസേന പ്രതിരോധ മരുന്ന് വീടുകളിൽ എത്തിച്ചുനൽകും. സർക്കാർ, സ്വകാര്യ ആശുപത്രികളിലും സന്ദർശകരെ നിയന്ത്രിക്കും.
നഗരസഭയും െപാലീസും ഉച്ചഭാഷിണിയിലൂടെ ഇതര ഭാഷകളിലും നിർദേശങ്ങൾ നൽകും. ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതിനുശേഷം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അന്തർ സംസ്ഥാനങ്ങളിൽനിന്ന് നഗരത്തിലെത്തുന്ന വാഹനങ്ങളുടെ വിവരം പൊലീസ് ശേഖരിക്കും. യാത്രക്കാരെയും വാഹന ജീവനക്കാരെയും നിരീക്ഷിക്കും. അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ഒഴിവാക്കും. ബസ്-ഓട്ടോ സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും സമൂഹ അകലം പാലിക്കാത്തവർെക്കതിരെ നടപടി സ്വീകരിക്കും. സ്വകാര്യ ചടങ്ങുകൾ നടത്തുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാക്കും
യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിനി ബിജു, സ്ഥിരം സമിതി ചെയർമാൻമാരായ പി.എം. അബ്ദുസ്സലാം,അബ്ദുൽ ഖാദർ അജിമോന്, രാജശ്രീ രാജു, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, മുനിസിപ്പൽ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയന്, ഹോമിയോ ആർ.എം.ഒ ടി.വി. ചിത്ര, ആയുർവേദ ആശുപത്രി സൂപ്രണ്ട് പി.സി. ഷീല, െപാലീസ്, റവന്യൂ ഉദ്യോഗസ്ഥർ, മര്ച്ചൻറ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ, മറ്റുസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.