കെ.എസ്.ആർ.ടി.സിയുടെ മുഖം മാറണം
text_fieldsകൊച്ചി: കോടികൾ ലോഫ്ലോർ ബസിന്‍റെ രൂപത്തിൽ തുരുമ്പെടുത്ത് നശിക്കുന്ന തേവരയിലെ കെ.യു.ആർ.ടി.സി യാർഡ്, മഴപെയ്താൽ വള്ളമിറക്കാവുന്ന സ്ഥിതിയിലുള്ള എറണാകുളം ഡിപ്പോ എന്നിവയാണ് ജില്ലയിലെ കെ.എസ്.ആർ.ടി.സിയുടെ മുഖമുദ്ര. ജില്ലയിലും ഇല്ലായ്മയുടെ കഥകൾ മാത്രമാണ് കെ.എസ്.ആർ.ടി.സിക്ക് പറയാനുള്ളത്. സ്വകാര്യബസ് മേഖലക്ക് വിഭിന്നമായി ടിക്കറ്റ് വരുമാനം കൂടാതെ ടിക്കറ്റിതര വരുമാനവും കെ.എസ്.ആർ.ടി.സിക്കുണ്ട്. വലിയ തോതിൽ ടിക്കറ്റിതര വരുമാനം കണ്ടെത്താനുള്ള സാധ്യതകളും ജില്ലയിലുണ്ട്. എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾക്ക് ഒരുമാറ്റവും ഇവിടെ ഉണ്ടാകുന്നില്ല. സംസ്ഥാനത്തുതന്നെ വലിയ തോതിൽ ടിക്കറ്റ് വരുമാനം ലഭിച്ചുകൊണ്ടിരുന്ന ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകളെ എല്ലായിടത്തെയുംപോലെ കോവിഡ് പ്രതിസന്ധി ബാധിച്ചു. സംസ്ഥാനം ലോക്ഡൗൺ നേരിട്ട 2020നുശേഷം ടിക്കറ്റ്, ടിക്കറ്റിതര വരുമാനം ഗണ്യമായി കുറഞ്ഞു. കോടികളുടെ വരുമാന നഷ്ടമുണ്ടായതിന് പിന്നിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് പ്രധാന കാരണം.
ബജറ്റ് പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സിയിൽ കൂടുതലൊന്നും നടക്കുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം. 2021ലെ ബജറ്റിൽ പരിസ്ഥിതിസൗഹൃദ ഗതാഗതത്തിന് സിയാലിന്‍റെയും ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെയും സഹകരണത്തോടെ ഹൈഡ്രജൻ ഇന്ധനമാക്കി ഓടുന്ന ബസ് നിരത്തിലിറക്കുമെന്ന് പറഞ്ഞിരുന്നു. 10 ബസിന് 10 കോടി രൂപ മാറ്റിവെച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ആകെ ബസ് 497, സർവിസ് നടത്തുന്നത് 335
ആകെ 497 ബസുള്ള ജില്ലയിൽ സർവിസ് നടത്തുന്നത് 335 എണ്ണം മാത്രമാണെന്ന് വിവരാവകാശ മറുപടിയിൽ കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നു. പലവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പുറത്തിറങ്ങാതെ നശിക്കുകയാണ് ബാക്കിയുള്ളവ. 273 ഓർഡിനറി ബസ്, 92 ഫാസ്റ്റ് പാസഞ്ചറുകൾ, 38 സൂപ്പർ ഫാസ്റ്റ്, നാല് സൂപ്പർ എക്സ്പ്രസ്, ഒമ്പത് സൂപ്പർ ഡീലക്സ്, രണ്ട് വോൾവോ, 79 ജനുറം എ.സി ബസ് എന്നിങ്ങനെയാണ് ജില്ലയിലുള്ളത്.
103 ഓർഡിനറി ബസ്, 75 ഫാസ്റ്റ് പാസഞ്ചർ, 28 സൂപ്പർ ഫാസ്റ്റ്, അഞ്ച് സൂപ്പർ ക്ലാസ് എന്നിങ്ങനെ ബസുകളാണ് നിലവിൽ അന്തർ ജില്ല സർവിസ് നടത്തുന്നത്.
ബസുകളുടെ കണക്കുകൾ ഇങ്ങനെയാണെങ്കിലും പല ദിവസങ്ങളിലും ഇത്രയും ബസുകൾപോലും സർവിസ് നടത്താറില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ശനിയാഴ്ചയും മറ്റും യാത്രക്കാരുടെ എണ്ണത്തിന് ആവശ്യമുള്ള ബസുകൾ ഓടാറില്ലെന്നാണ് പരാതി. സർവിസ് നടത്താത്തതിന് യാത്രക്കാരുടെ പഴി കേൾക്കേണ്ടിവരുന്നത് സാധാരണ ജീവനക്കാരാണ്. എന്നാൽ, തങ്ങൾ നിസ്സഹായരാണെന്ന് അവർ പറയുന്നു. 2016ൽ എറണാകുളം ഡിപ്പോയിൽ 94 സർവിസുണ്ടായിരുന്നു. ശനിയാഴ്ച യാത്രക്കാരുടെ ആവശ്യം അനുസരിച്ച് 104 സർവിസുവരെ എത്തിയിരുന്നു. ഇത് ഘട്ടമായി കുറഞ്ഞ് നിലവിൽ 52 സർവിസായി. ലോക്കൽ സർവിസുകൾ രണ്ടോ മൂന്നോ ആണ്.
തീരദേശ റോഡിലൂടെ ചെല്ലാനം വഴി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്ന ബസും എല്ലാ ദിവസവുമുണ്ടാകാറില്ല. ഫോർട്ട്കൊച്ചി-നെടുമ്പാശ്ശേരി എയർപോർട്ട്, അരൂർ-അങ്കമാലി ഇങ്ങനെയുള്ള സർവിസുകളൊക്കെ ഇല്ലാതായി. രാത്രിയായാൽ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ എണ്ണം കുറവായതിനാൽ ഉയർന്ന തുക നൽകി യാത്ര ചെയ്യേണ്ടിവരുന്നു. രാത്രി ഒമ്പത് കഴിഞ്ഞാൽ പിന്നെ 11നാണ് എറണാകുളം ഡിപ്പോയിൽനിന്ന് കോട്ടയം വഴി ബസുള്ളത്. തകർന്നുകിടക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കാത്തിരിപ്പ് ദുരിതമാണ്. തെരുവുനായ്ക്കളുടെ ശല്യം ജില്ലയിലെ ഭൂരിഭാഗം ബസ് സ്റ്റാൻഡിലും രൂക്ഷമാണ്. കാര്യക്ഷമമായി ഓടാൻ കഴിയുന്ന ബസുകൾ കാരിക്കാമുറിയിലെ ഗ്രൗണ്ടിൽ വെറുതെ ഇട്ടിരിക്കുകയാണ്. ഇവിടെ മോഷണവും വ്യാപകമാണ്. എറണാകുളം ഡിപ്പോയിൽ ആവശ്യമായ ഡ്രൈവർമാരുടെ കുറവുണ്ടെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർക്കുള്ള വിശ്രമമുറികളും ശോച്യാവസ്ഥയിലാണ്.
തിരു-കൊച്ചി സർവിസ് നിലച്ചു
എറണാകുളം ഡിപ്പോയിൽ മികച്ച കലക്ഷനുണ്ടായിരുന്ന തിരുക്കൊച്ചി സർവിസ് പൂർണമായി നിലച്ചു. പിഴല, മുളവുകാട്, അരൂർ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, തുറവൂർ, ഹൈകോടതി, പൂത്തോട്ട, ബ്രഹ്മമംഗലം, തുരുത്തുമ്മൽ, ഗോശ്രീ, വൈപ്പിൻ, മാല്യങ്കര, കൊടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കായി 46 സർവിസുണ്ടായിരുന്നു. ഇപ്പോൾ ഒരു സർവിസുപോലുമില്ല. ഈ പ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ഇതോടെ വലഞ്ഞു. ഓരോ പ്രദേശങ്ങളിൽനിന്നുമുള്ള ആളുകൾക്ക് നഗരത്തിലേക്ക് എത്താനും ജോലി കഴിഞ്ഞ് മടങ്ങാനും ഏറ്റവും അനുയോജ്യമായിരുന്നു ഈ സർവിസുകൾ.
നാളെ: വിഷമതകളുടെ നിരത്തിൽ ഓട്ടോ-ടാക്സി; സാധ്യതകളുടെ തീരത്ത് ജലഗതാഗതം (തുടരും...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.