പരിഹാരം കാണാതെ കെ.എസ്.ആർ.ടി.സി; ദേശസാത്കൃത റൂട്ടുകളിൽ രാത്രിയാത്ര പ്രതിസന്ധി
text_fieldsകൊച്ചി: അധികൃതരുടെ അവഗണന; ദേശസാത്കൃത റൂട്ടുകളിൽ രാത്രികാല യാത്രക്ലേശത്തിന് പരിഹാരമില്ലാതെ യാത്രക്കാർ. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന എറണാകുളം-മൂവാറ്റുപുഴ, ആലുവ-പെരുമ്പാവൂർ, എറണാകുളം-കോട്ടയം അടക്കമുള്ള റൂട്ടുകളിലാണ് രാത്രികാല യാത്രക്ലേശം രൂക്ഷമായത്. നിലവിൽ എറണാകുളം-മൂവാറ്റുപുഴ റൂട്ടിൽ രാത്രി 10നു ശേഷവും ആലുവ-പെരുമ്പാവൂർ റൂട്ടിൽ രാത്രി 9.10ന് ശേഷവും ബസുകളില്ലാത്ത അവസ്ഥയാണ്. ഇതുമൂലം ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്ന ട്രെയിൻ യാത്രികരടക്കമുള്ളവരാണ് വലയുന്നത്.
പ്രതിസന്ധി രൂക്ഷമാക്കി കോവിഡ് കാലം
കോവിഡ് പ്രതിസന്ധിയോടെയാണ് ഈ റൂട്ടുകളിൽ യാത്രക്ലേശവും രൂക്ഷമായത്. കോവിഡ്കാല നിയന്ത്രണങ്ങൾ നീണ്ടതോടെ പല റൂട്ടിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി ബസുകൾ ട്രിപ്പുകൾ വെട്ടിക്കുറച്ചു. എന്നാൽ, നിയന്ത്രണങ്ങൾ നീങ്ങി എല്ലാം സാധാരണ നിലയിലായെങ്കിലും മുടക്കിയ ട്രിപ്പുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായില്ല.
യാത്രക്കാരില്ലെന്നതായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. കോവിഡ് കാലത്തിന് മുമ്പ് എറണാകുളം-മൂവാറ്റുപുഴ റൂട്ടിൽ രാത്രി 11 വരെയും ആലുവ-പെരുമ്പാവൂർ റൂട്ടിൽ പത്ത് വരെയും ബസുകൾ സർവിസ് നടത്തിയിരുന്നു. ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്ന ജില്ലയുടെ കിഴക്കൻമേഖലയിലുള്ളവർക്കടക്കം ഏറെ ഗുണകരമായിരുന്നു ഈ സർവിസുകൾ
സർവിസുകൾ നിരവധി; രാത്രി വട്ടപ്പൂജ്യം
എറണാകുളം-മൂവാറ്റുപുഴ-തൊടുപുഴ റൂട്ടുകളിൽ മാത്രം 18 ഷെഡ്യൂളാണ് ഫാസ്റ്റ് പാസഞ്ചർ ബസുകൾ നടത്തുന്നത്. ഇതിന് പുറമെ മൂവാറ്റുപുഴ-വൈറ്റില സർവിസായി 11 ഓർഡിനറി ബസുകളുമുണ്ട്. പുലർച്ച നാലിന് തൊടുപുഴയിൽനിന്നും 4.30ന് മൂവാറ്റപുഴയിൽനിന്നും എറണാകുളത്തേക്ക് സർവിസുകൾ ആരംഭിക്കുന്നുണ്ട്. 10-15 മിനിറ്റുകൾ വ്യത്യാസത്തിനാണ് സർവിസുകളെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കനുസരിച്ച് ഇത് മണിക്കൂറുകൾ വ്യത്യാസവും വരും.
എറണാകുളത്തുനിന്ന് തൊടുപുഴ ഡിപ്പോയിലെ ബസ് രാത്രി 7.30നും മൂവാറ്റുപുഴ ഡിപ്പോയിലേത് 10.10നും പോരുന്നതോടെ ഇതുവഴിയുള്ള സർവിസ് അവസാനിക്കും. ആലുവ-പെരുമ്പാവൂർ റൂട്ടിലും ഇതു തന്നെയാണ് സ്ഥിതി. രാത്രി 9.10നാണ് ആലുവയിൽനിന്നുള്ള അവസാന സർവിസ്. പിന്നീട് എത്തുന്ന യാത്രക്കാർക്ക് രാത്രി 11ന് എറണാകുളത്തുനിന്ന് കട്ടപ്പനയിലേക്ക് പോകുന്ന ബസാണ് അടുത്ത ആശ്രയം. അത് പോയാൽ പിന്നെ പുലർച്ച രണ്ടിന് എറണാകുളത്തുനിന്ന് മൂന്നാറിലേക്കുള്ള ബസിനായി കാത്തിരിക്കേണ്ടി വരും.
പെരുമ്പാവൂർ-മൂവാറ്റുപുഴ റൂട്ടിലും ഓർഡിനറി ബസുകൾ രാത്രി 7.40ന് ശേഷം ഇല്ലാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒടുവിൽ നിരവധി പരാതികൾക്ക് ശേഷം ആലുവയിൽനിന്ന് രാത്രി 8.20ന് പുറപ്പെട്ട് ഒമ്പതിന് പെരുമ്പാവൂരിലെത്തുന്ന ബസ് മൂവാറ്റുപുഴ വരെ നീട്ടിയാണ് ഈ പ്രതിസന്ധി പരിഹരിച്ചത്.
അവഗണനയിൽ വലഞ്ഞ് യാത്രക്കാർ
രാത്രികാല സർവിസുകൾ ഇല്ലാതായതോടെ വലയുന്നത് യാത്രക്കാരാണ്. മെഡിക്കൽ കോളജുകളടക്കം നിരവധി ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് പോകാൻ രാത്രിയിൽ എറണാകുളം സൗത്ത്, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവരാണ് വലയുന്നത്.
ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ദുരിതത്തിലാണ്. ഇവർക്ക് മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിലേക്ക് എത്തണമെങ്കിൽ എറണാകുളത്തുനിന്ന് വടക്കോട്ടുള്ള ദീർഘദൂര ബസുകളിൽ കയറി അങ്കമാലിയിലെത്തണം. അതുപോലെ തന്നെ ആലുവയിൽ എത്തുന്നവരാകട്ടെ സ്വകാര്യ വാഹനങ്ങളേയോ ടാക്സിയോ ആശ്രയിച്ച് പെരുമ്പാവൂരിൽ എത്തേണ്ട ഗതികടിലാണ്. എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാർക്കും ഇതു തന്നെയാണ് ദുരിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.