ജില്ലയിൽ 205 കുടുംബശ്രീ ഓണ വിപണികൾ
text_fieldsകൊച്ചി: ഓണ"മേള"വുമായി കുടുംബശ്രീ വിപണനമേളകൾ. ഗുണനിലവാരമുളള ഉൽപന്നങ്ങൾ മിതമായ വിലയിൽ നൽകി തിരുവോണത്തെ കളറാക്കലാണ് മേളയുടെ ലക്ഷ്യം. ഒപ്പം പൊതുവിപണികളിലെ വിലക്കയറ്റത്തിൽ നിന്നും ഉപഭോക്താക്കളെ സഹായിക്കുക എന്ന ദൗത്യവുമുണ്ട്. ജില്ലയിലെ മുഴുവൻ സി.ഡി.എസുകളും വിപണനമേളകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ജില്ല തല ഓണം വിപണനമേള ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ കാക്കനാട് കലക്ട്രേറ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്. അയൽക്കൂട്ട അടിസ്ഥാനത്തിലുള്ള മേളകൾ തിങ്കളാഴ്ച മുതൽ തിരുവോണം വരെയും നടക്കും.
ഉപ്പുതൊട്ട് കർപ്പൂരം വരെ
ഉത്സവകാലം ആഘോഷമാക്കാൻ ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ ചേരുവകളും ഒറ്റക്കുടക്കീഴിലൊരുക്കുന്ന വിധമാണ് മേളകളുടെ ക്രമീകരണം. ഉപ്പു തൊട്ട് കർപ്പൂരം വരെയുളള വീട്ടുസാമഗ്രികളും പച്ചക്കറികളും പഴങ്ങളും പൂക്കളുമെല്ലാം ആവശ്യക്കാർക്കായി മേളയിലെത്തും. ജില്ലയിലെ 102 സി.ഡി.എസുകളിലും ജില്ലാതലത്തിലുമായി 205 ഓണചന്തകളാണ് സംഘടിപ്പിക്കുന്നത്. ഇതുവഴി കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും വിഷരഹിത പച്ചക്കറികളും മറ്റു മൂല്യവര്‍ധിത ഉല്പന്നങ്ങളും വിപണിയില്‍ എത്തിക്കും. ഓരോ പഞ്ചായത്ത്, നഗരസഭകളിലും അതത് സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് ചന്ത സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവർത്തിക്കുന്നത്. തിരക്കനുസരിച്ച് സമയം വർധിപ്പിക്കാനും തീരുമാനമുണ്ട്.
ഓണ സുഗന്ധം തീർക്കാൻ പൂ വിപണി
ഓണം ലക്ഷ്യമിട്ട് ജില്ലയിൽ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ 40 ഏക്കറിലാണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. വിളവെടുക്കുന്ന പൂവുകളെല്ലാം സി.ഡി.എസുകളിലെ ഓണം വിപണിയിലേക്കെത്തും. കരുമാല്ലൂർ, കീഴ്മാട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ പൂ കൃഷിയിറക്കിയത്. ഇവർക്കാവശ്യമായ സാങ്കേതിക-സാമ്പത്തിക സഹായങ്ങളെല്ലാം നൽകുന്നതും കുടുംബശ്രീ മിഷനാണ്. ആഘോഷത്തോടൊപ്പം പ്രാദേശികമായ സാമ്പത്തിക ഉണർവാണ് മേളകളിലൂടെ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ടി.എം. റജീന പറയുന്നു. കഴിഞ്ഞവർഷം ഓണ വിപണിയിലൂടെ ജില്ലയിൽ 12 കോടി രൂപയാണ് വരുമാനമുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. ജില്ല പ്രോഗ്രാം മാനേജർ എം.എ. സെയ്ത് മഹമ്മദാണ് പരിപാടികളുടെ സംഘാടനം നിർവഹിക്കുന്നത്.
രുചി വൈവിധ്യമൊരുക്കി പായസമേളകൾ
ഓണ വിപണിയോടനുബന്ധിച്ച് പായസ മേളകളും സംഘടിപ്പിക്കാനാണ് തീരുമാനം. ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരമായ പരിപ്പ്, ഗോതമ്പ് പായങ്ങളാണ് മേളയിൽ പ്രധാനമായും സജ്ജീകരിക്കുന്നത്. ഒരു ലിറ്റർ, അര ലിറ്റർ കണ്ടെയ്നറുകളിലാക്കിയാണ് ആവശ്യാനുസരണം ഇവയുടെ വിൽപന. ചെറുഗ്ലാസുകളിലാക്കിയും ചില്ലറ വിൽപനയുണ്ട്. ഇതോടൊപ്പം ചിപ്സ്, ശർക്കര വരട്ടി തുടങ്ങി കുടുംബശ്രീ സംരംഭകർ തയ്യാറാക്കിയ വിഭവങ്ങളും യഥേഷ്ടം മേളകളിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.