ലാബിന് അംഗീകാരമില്ല: ഭക്ഷ്യസുരക്ഷ കേസ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: ഭക്ഷ്യസുരക്ഷ നിയമ പ്രകാരം അനുമതിയില്ലാത്ത ലബോറട്ടറിയിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടരുന്ന കേസ് ഹൈകോടതി റദ്ദാക്കി. നെടുങ്കണ്ടം സോറ ട്രേഡിങ് കമ്പനിക്കും മാനേജർ രാധാകൃഷ്ണൻ, ലൈസൻസി സനിത ഷഹനാസ് എന്നിവർക്കുമെതിരെ 2014ൽ എടുത്ത കേസിലെ തുടർ നടപടികളാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്.
കേസെടുക്കാൻ ആധാരമായ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലബോറട്ടറിക്ക് ടെസ്റ്റിങ് ലബോറട്ടറികളുടെ ദേശീയ അക്രഡിറ്റേഷൻ ബോർഡ് (എൻ.എ.ബി.എൽ) നൽകുന്ന അംഗീകാരം ഈ കാലയളവിൽ ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2014 ആഗസ്റ്റ് 16നാണ് ഫുഡ് ഇൻസ്പെക്ടർ സ്ഥാപനത്തിൽ വിൽപനക്ക് വെച്ച ചെറുപയർ പിടികൂടിയത്.
ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയിൽ നടത്തിയ അനാലിസിസ് റിപ്പോർട്ട് എതിരാകുകയും ചെയ്തു. കേസ് നടപടികൾ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്നുവരുകയാണ്. ഭക്ഷ്യസുരക്ഷ നിയമപ്രകാരം നിരോധിക്കപ്പെട്ട വസ്തു പയറിൽ ചേർത്തെന്നാണ് കേസ്. കീടങ്ങളുള്ളതായും കണ്ടെത്തി. എന്നാൽ, ഗവ. അനാലിസിസ് ലബോറട്ടറിക്ക് ഇക്കാലയളവിൽ എൻ.എ.ബി.എൽ അക്രഡിറ്റേഷനില്ലാത്തതിനാൽ പരിശോധനഫലം നിയമപരമായി അംഗീകരിക്കാനാവില്ലെന്നായിരുന്നു വാദം. ഇക്കാലയളവിൽ ലാബിന് അംഗീകാരമുണ്ടായിരുന്നില്ലെന്ന് സർക്കാറും വ്യക്തമാക്കി. തുടർന്നാണ് കേസിലെ തുടർനടപടി അവസാനിപ്പിച്ച് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.