ഭൂമി തരംമാറ്റം: കലക്ടർ പറയുന്നു, മാനുഷിക പരിഗണന നൽകണം
text_fieldsകൊച്ചി: ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളിൽ നടപടിക്രമങ്ങൾ പാലിച്ച് വേഗത്തിൽ പരിഹരിക്കണമെന്ന് കലക്ടർ ജാഫർ മാലിക് നിർദേശിച്ചു. അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം കാണണം. നിലവിലെ നിയമപ്രകാരം നടപടി ക്രമങ്ങളിൽ മാറ്റം വരുത്താനാകില്ല. എങ്കിലും അപേക്ഷകളിൽ പ്രായോഗികമായി ഉണ്ടാകുന്ന താമസം ഒഴിവാക്കണം.
ഭൂമി തരം മാറ്റുന്നതിന് ലഭിക്കുന്ന അപേക്ഷകൾ വേഗത്തിൽ പരിഹരിക്കുന്നതു സംബന്ധിച്ച് എ.ഡി.എം, ഫോർട്ട്കൊച്ചി സബ് കലക്ടർ, മൂവാറ്റുപുഴ ആർ.ഡി.ഒ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തിയ പ്രത്യേക യോഗത്തിലാണ് കലക്ടറുടെ നിർദേശം. ഓഫിസുകളിൽ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണം. ഒരാൾക്കു പോലും ബുദ്ധിമുട്ട് ഉണ്ടാകരുത്. അപേക്ഷകളിൽ ലളിതമാക്കേണ്ടത് സങ്കീർണമാക്കാതിരിക്കുക. മനഃപൂർവം കാലതാമസം ഉണ്ടാക്കാതിരിക്കണം. അപേക്ഷയുമായി വരുന്നവരുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ മാനുഷിക പരിഗണനകൂടി കണക്കിലെടുത്ത് അതു വേഗത്തിൽ പരിഹരിക്കണം.
ചിലർ വരുത്തുന്ന പിഴവ് മുഴുവൻ ജീവനക്കാരെയുമാണ് ബാധിക്കുന്നതെന്ന് കലക്ടർ പറഞ്ഞു. നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ഫോർട്ട് കൊച്ചി സബ് കലക്ടറിെൻറ നേതൃത്വത്തിൽ ഒമ്പതംഗ സബ് കമ്മിറ്റി രൂപവത്കരിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കലക്ടർ നിർദേശിച്ചു. ഭൂമി തരംമാറ്റത്തിനായി അപേക്ഷ സമർപ്പിച്ച് ഏറെക്കാലമായിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പറവൂർ മൂത്തകുന്നത്ത് മത്സ്യത്തൊഴിലാളിയായ സജീവൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിഷയത്തിൽ കലക്ടർ പ്രത്യേക യോഗം വിളിച്ചത്.
'നിയമം ലഘൂകരിക്കാൻ ബാങ്കുകൾ ശ്രമിക്കണം'
ഭൂമി തരം മാറ്റിയ രേഖകൾ ആവശ്യപ്പെട്ട് അപേക്ഷകർക്ക് വായ്പ നൽകുന്നതിൽ വരുന്ന താമസം ഒഴിവാക്കാൻ ബാങ്കുകൾ പരമാവധി ശ്രദ്ധിക്കണമെന്ന് കലക്ടർ ജാഫർ മാലിക് ആവശ്യപ്പെട്ടു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ബാങ്കുകളുടെ ജില്ല തല പ്രതിനിധികളുടെ യോഗത്തിൽ വായ്പകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ലഘുകരിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
അടിയന്തര സാഹചര്യത്തിൽ ബാങ്കുകൾ ഭൂമിയുടെ തരം സംബന്ധിച്ച് ഡാറ്റ ബാങ്ക് പരിശോധിക്കുകയും വില്ലേജ് ഓഫിസർ നൽകുന്ന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ വായ്പകൾ അനുവദിക്കാൻ ശ്രമിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഭൂമി നേരിട്ട് പരിശോധിച്ച ശേഷം തരം മാറ്റി നൽകാൻ യോഗ്യമായ ഭൂമി ആണെന്ന് ഉറപ്പാക്കിയാൽ മാത്രമേ വില്ലേജ് ഓഫിസർ സർട്ടിഫിക്കറ്റ് അനുവദിക്കാൻ പാടുള്ളു. മാനുഷിക പരിഗണന കൂടി കണക്കിലെടുത്ത് അർഹരായവർക്ക് വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് കഴിയണമെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.