ലോക്ഡൗണിൽ കുതിർന്ന് അലക്കുജീവിതങ്ങൾ
text_fieldsകൊച്ചി: അഴുക്കും മാലിന്യവും നീക്കി, വൃത്തിയായി അലക്കി, ചുളിവുനീക്കി തേച്ചുവെച്ച കുപ്പായങ്ങൾ നമുക്കു നേരെ നീട്ടുന്നവർക്കും ലോക്ഡൗൺ കാലത്ത് പറയാനുള്ളത് സങ്കടവർത്തമാനംതന്നെയാണ്. മറ്റു പല മേഖലകളെയുംപോലെ ജില്ലയിലെ അലക്കുതൊഴിലാളികളും അലക്ക് സ്ഥാപനങ്ങൾ നടത്തുന്നവരുമെല്ലാം കടന്നുപോകുന്നത് വലിയ ദുരിതത്തിലൂടെയാണ്.
ലോക്ഡൗണിൽ 45 ദിവസത്തോളം അടച്ചിട്ടതിെൻറ നഷ്ടവും തൊഴിലാളികൾക്ക് വരുമാനം നൽകാനാവാത്തതിെൻറ ദുരിതവുമാണ് നടത്തിപ്പുകാർക്ക് പറയാനുള്ളതെങ്കിൽ ഉപജീവനം ഇല്ലാതായ ദിനരാത്രങ്ങളെക്കുറിച്ചാണ് അലക്കുതൊഴിലാളികൾ പങ്കുവെക്കുന്നത്. ജില്ലയിൽ നൂറ്റമ്പതോളം അലക്ക് സ്ഥാപനങ്ങളും ഇവയിലെല്ലാമായി 500ലേറെ തൊഴിലാളികളുമുണ്ട്. ജോലി ചെയ്യുന്നവരെല്ലാം അന്തർസംസ്ഥാന തൊഴിലാളികളും നിർധന കുടുംബങ്ങളിലെ സ്ത്രീ, പുരുഷന്മാരുമാണ്. ഏറെയും മറ്റൊരു വരുമാന മാർഗവും ഇല്ലാത്തവരും. ലോക്ഡൗണിനുമുമ്പുതന്നെ അലക്ക്, ഡ്രൈക്ലീനിങ് സ്ഥാപനങ്ങളെ തേടിയുള്ള ഉപഭോക്താക്കളുടെ വരവിൽ ഗണ്യമായ കുറവുണ്ടായിരുന്നു. കോവിഡ് ഭീതിയിൽ ജനം വീടുകളിലിരുന്നതോടെ അലക്കാനും തേക്കാനും നൽകലൊക്കെ അപൂർവമായി. ഇതോടെ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ദുരിതകാലവും തുടങ്ങി.
നേരത്തെ നിത്യേന പത്തും അതിലധികം പേരും വന്നിടത്ത് ഒരാൾപോലും എത്താത്ത സ്ഥിതിയുണ്ടായെന്ന് സ്റ്റേറ്റ് ലോൺട്രി ആൻഡ് അയണിങ് അസോ. ജില്ല സെക്രട്ടറിയും ആലുവ സ്പീഡ് ലോൺട്രി ഉടമയുമായ ടി.ഐ. ഷെമീർ പറയുന്നു. വരുമാനമില്ലാതായതോടെ വീട്ടുചെലവ് കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ട അനുഭവമാണ് എറണാകുളത്തെ അലക്കുതൊഴിലാളിയായ വയോധികക്ക് പറയാനുള്ളത്. ജോലിക്കാർ അന്തർസംസ്ഥാന തൊഴിലാളികളാണെങ്കിൽ വേതനം കൂടാതെ ഭക്ഷണവും താമസവുമെല്ലാം ഒരുക്കേണ്ടത് സ്ഥാപന ഉടമയാണ്. നാട്ടിലെ ജോലിക്കാർക്ക് ദിവസക്കൂലിയാണ്. വരുമാനം കാര്യമായൊന്നും കിട്ടുന്നില്ലെങ്കിലും അലക്കുയന്ത്രങ്ങൾ വാങ്ങിയ ലോൺ, വൈദ്യുതിബിൽ, കെട്ടിടവാടക തുടങ്ങി ചെലവുകൾ ഏറെയാണ്. അതുകൊണ്ടുതന്നെ വരവിൽ കൂടുതൽ കൈയിൽനിന്ന് ചെലവാകുകയാണ്. ജീവനക്കാരില്ലാതെ കുടുംബാംഗങ്ങൾ ചേർന്ന് നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്, അവരുടെ സ്ഥിതിയും മറിച്ചല്ല.
ലോക്ഡൗൺ ദുരിതം പറഞ്ഞ് ചാർജ് വർധിപ്പിക്കാനാവില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയായില്ല. അതനുവദിച്ചിരുന്നെങ്കിൽ ഇത്രയധികം നഷ്ടം വരില്ലെന്നാണ് ഇവരുടെ പക്ഷം. വിവിധ മേഖലകൾക്ക് അനുവദിക്കുന്ന സാമ്പത്തിക സഹായവും പരിഗണനയും തങ്ങൾക്കും നൽകണമെന്നാണ് അലക്ക് തൊഴിലാളികൾക്കും നടത്തിപ്പുകാർക്കും ഒരേ സ്വരത്തിൽ പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.