നികുതി കുടിശ്ശിക പിരിക്കുന്നതിൽ അലംഭാവം; ബിവറേജസ് കോർപറേഷൻ നൽകാനുള്ളത് 293.51 കോടി
text_fieldsഷംനാസ് കാലായിൽ
കൊച്ചി: ബിവറേജസ് കോർപറേഷൻ നികുതി ഇനത്തിൽ സർക്കാറിലേക്ക് അടക്കാനുള്ളത് 293.51 കോടി. കേരളത്തിലെ മറ്റ് അബ്കാരികളും നികുതി അടക്കുന്ന കാര്യത്തിൽ പിന്നാട്ടാണെന്ന് ചരക്ക് സേവന നികുതി വകുപ്പിലെ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാറിലേക്ക് ഇവർ അടക്കാനുള്ള നികുതി കുടിശ്ശിക 127.79 കോടിയാണ്.
സാധാരണ കച്ചവടക്കാർ കൃത്യസമയത്ത് ഇ-റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ നടപടിയെടുക്കുന്ന ചരക്ക് സേവന നികുതി വകുപ്പ് അബ്കാരികളിൽനിന്ന് നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ മൃദുസമീപനം കാണിക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്‍റ് എം.കെ. ഹരിദാസിന് ചരക്ക് സേവന നികുതി വകുപ്പ് കാര്യാലയങ്ങൾ നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്കുകളുള്ളത്.
കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം അബ്കാരി നികുതി കുടിശ്ശികയുള്ളത്. 53.13 കോടിയാണ് അവിടെനിന്ന് അടക്കാനുള്ളത്. 18.71 കോടി അടക്കാനുള്ള എറണാകുളം ജില്ലയാണ് കുടിശ്ശികയുടെ കാര്യത്തിൽ രണ്ടാമത്. 27.35 ലക്ഷം രൂപ നികുതി കുടിശ്ശികയുള്ള വയനാട് ജില്ലയാണ് ഏറ്റവും കുറവ് നൽകാനുള്ളത്. 2011 ഏപ്രിൽ മുതൽ 2016 ഏപ്രിൽ വരെയുള്ള ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് 53.96 കോടിയായിരുന്നു നികുതി കുടിശ്ശിക. കാലക്രമേണ ഇത് വർധിച്ച് 127.79 കോടിയായി ഉയർന്നു. 2016 ഏപ്രിൽ മുതൽ 2022 ജനുവരി വരെ നികുതി കുടിശ്ശിക വരുത്തിയ അബ്കാരികളിൽനിന്ന് 60.04 ലക്ഷം രൂപ പിഴയീടാക്കിയിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
നികുതി കുടിശ്ശിക ഈടാക്കാൻ നിയമതടസ്സങ്ങളൊന്നുമില്ലെന്ന് പറയുമ്പോഴും ചില ജില്ലകളിൽ കോടതി വ്യവഹാരങ്ങൾ മൂലം കുടിശ്ശിക പിരിച്ചെടുക്കാൻ കഴിയുന്നില്ലെന്നും അധികൃതർ പറയുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാറിന് അബ്കാരി നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ കാണിക്കുന്ന അലംഭാവം അബ്കാരി രാഷ്ട്രീയ കൂട്ടുകെട്ടിന്‍റെ ഫലമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
125 വിവരാവകാശ മറുപടികളിലായാണ് നികുതി കുടിശ്ശിക വിവരം ചരക്ക് സേവന നികുതിവകുപ്പ് ലഭ്യമാക്കിയത്. കേരളത്തിലെ 14 ജില്ല ചരക്ക് സേവന നികുതി കമീഷണറേറ്റുകൾ, സർക്കിൾ, ഉപസർക്കിൾ ഓഫിസുകൾ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള മറുപടികളാണ് ലഭിച്ചത്. കേന്ദ്രീകൃത വിവരശേഖരണ സംവിധാനമില്ലാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.