കൊയ്യാം, കൊയ്ത്ത് പഠിക്കാം... കടമക്കുടി വില്ലേജ് ഫെസ്റ്റിന് തുടക്കം
text_fieldsകൊച്ചി: ജില്ല പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന കടമക്കുടി വില്ലേജ് ഫെസ്റ്റിന് തുടക്കം. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിലൂടെ കടമക്കുടിയിലെ ടൂറിസം സാധ്യതകൾ ലോകസഞ്ചാരികൾക്ക് മുന്നിലെത്തുമെന്നും അതുവഴി ഈ പ്രദേശം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകുമെന്നും എം.പി പറഞ്ഞു.
എറണാകുളം രാജഗിരി കോളജിലെ വിദ്യാർഥികളും എം.പിയും പൊക്കാളി കൊയ്ത്തിൽ പങ്കാളികളായി. ജൈവകർഷകർ, അക്വഫാം ഉടമകൾ, വില്ലേജ് ടൂർ ഓപറേറ്റർമാർ എന്നിവരാണ് കടമക്കുടി വില്ലേജ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസ മാനുവൽ ലോഗോ പ്രകാശനം ചെയ്തു. വരും ദിവസങ്ങളിൽ മറ്റു കോളജ് വിദ്യാർഥികളും കൊയ്ത്തുത്സവത്തിൽ പങ്കെടുക്കും.
നാല് ദിവസമായി നടക്കുന്ന ഫെസ്റ്റിൽ വിവിധ പരിപാടികളാണുള്ളത്. കടമക്കുടിയിലെ വനിതകൾ വൈകുന്നേരങ്ങളിൽ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിലൂടെ ഗ്രാമത്തിെൻറ തനത് രുചികൾ വിളമ്പും. ഫെസ്റ്റ് ദിനങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ പൊക്കാളി കൊയ്ത്ത് നടക്കും. കൊയ്ത്തുപാട്ട്, നാടൻ പാട്ട് എന്നിവ ഉൾപ്പെടുത്തിയുള്ള കലാസന്ധ്യകളിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും. കടമക്കുടി ദ്വീപിെൻറ ഭംഗി ആസ്വദിക്കാൻ ബോട്ടിങ്ങും ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങളും ഫെസ്റ്റിെൻറ ഭാഗമായി നടക്കും.
കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് മേരി വിൻസൻറ്, വൈസ് പ്രസിഡൻറ് വിപിൻ രാജ്, സ്ഥിരം സമിതി അധ്യക്ഷ സജിനി ജ്യോതിഷ്, അഗ്രികൾചർ ഓഫിസർ ശിൽപ കെ. തോമസ്, ഫെസ്റ്റ് ജനറൽ കൺവീനർ ബെന്നി സേവ്യർ, ജോയൻറ് കൺവീനർ വിശാൽ കോശി, പി.കെ. രാജീവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.