ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതി സ്തംഭനത്തിൽ
text_fieldsകരുമാല്ലൂർ: ഭൂരഹിത-ഭവനരഹിതർക്കായി കരുമാല്ലൂരിലെ ബ്ലോക്കുപള്ളത്ത് തറക്കല്ലിട്ട ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതി സ്തംഭനത്തിൽ. മൂന്ന് വർഷം മുമ്പാണ് തുടക്കമിട്ടത്.
കഴിഞ്ഞ വർഷമാണ് നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി നിർവഹിച്ചത്. വർഷം ഒന്നായിട്ടും പദ്ധതി പ്രദേശത്ത് ഒരു തൂണുപോലും ഉയർന്നിട്ടില്ല. 10.72 ഏക്കർ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരുന്നത്. പ്രളയത്തെയും ഭൂകമ്പത്തെയും അതിജീവിക്കുന്ന മാതൃകയിൽ 2.65 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നാല് നിലകളുള്ള പല ബ്ലോക്കുകളായിട്ടുള്ള കെട്ടിടം നിർമിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിെൻറ ഭാഗമായി ലൈഫ് മിഷൻ കൺസൾട്ടിങ് എജൻസിയായ സി.ആർ.എൻ പ്രൈവറ്റ് ലിമിറ്റഡിെൻറ നേതൃത്വത്തിൽ രണ്ടുവർഷം മുമ്പ് തന്നെ പ്ലാൻ, എസ്റ്റിമേറ്റ്, സർവേ നടപടികൾ എന്നിവ പൂർത്തിയാക്കിയിരുന്നു. എന്നാൽ, പിന്നീട് പദ്ധതി പ്രദേശത്തേക്ക് അധികൃതർ ആരും തന്നെ തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. ഇപ്പോൾ ഈ പ്രദേശം കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറി. കൂടാതെ ആടുമാടുകൾക്ക് മേയാനുള്ള ഇടംകൂടിയായി.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഉദ്ഘാടനമാണ് നടത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പദ്ധതി പ്രാവർത്തികമാകുന്നതും കാത്ത് ഒട്ടേറെ കുടുംബങ്ങളാണ് പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിലായി കാത്തിരിക്കുന്നത്. അതേസമയം, മന്ത്രി പി. രാജീവ് മണ്ഡലത്തിലെ വികസന പദ്ധതികൾ നടപ്പാക്കാനും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനുമായി ബുധനാഴ്ച മുതൽ പഞ്ചായത്തുതലത്തിൽ നടത്തുന്ന പബ്ലിക് സ്ക്വയറിൽ ഈ വിഷയം ഉയർന്നുവന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.