കൊച്ചിയിലുണ്ടൊരു കൊച്ചു ശാസ്ത്രജ്ഞൻ നാലാം വയസ്സിൽ രണ്ട് റെക്കോഡ്
text_fieldsകൊച്ചി: കളിപ്പാട്ട കാറുകളും കളിത്തോക്കുമെല്ലാം പിടിച്ച് കളിക്കേണ്ട പ്രായത്തിൽ കുഞ്ഞു ഇസ്ഹാഖ് കൈയിൽ പിടിച്ചത് ശാസ്ത്രപരീക്ഷണ സാമഗ്രികളായ പിപ്പെറ്റും ബ്യൂററ്റും ടെസ്റ്റ്ട്യൂബും ബീക്കറുമെല്ലാമാണ്. കൗതുകത്തിന് പിടിച്ചുനോക്കുകയല്ല, അസ്സൽ പരീക്ഷണങ്ങളാണ് കാഴ്ച വെക്കുന്നത്. അങ്ങനെ നാലാം വയസ്സിൽതന്നെ കാക്കനാട് പാലച്ചുവട് നെല്ലിപ്പള്ളി വീട്ടിൽ ഇസ്ഹാഖ് ഷമാസ് എന്ന മിടുക്കൻ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയും സ്വന്തമാക്കി.
മൂത്ത സഹോദരന്മാരായ ഇസാൻ ഷമാസ്, ഇംറാൻ ഷമാസ് എന്നിവർ ഓൺലൈൻ പഠനത്തിെൻറ ഭാഗമായി വിക്ടേഴ്സ് ചാനലിൽ പ്രദർശിപ്പിക്കുന്ന പരീക്ഷണങ്ങൾ ചെയ്തുനോക്കുന്നത് കണ്ടാണ് ഇസ്ഹാഖിലെ 'കുഞ്ഞു ഐൻസ്റ്റീൻ' പിറവികൊള്ളുന്നത്. താരതമ്യേന ബുദ്ധിമുട്ടുള്ള പി.എച്ച് ഇൻഡിക്കേറ്റർ െടസ്റ്റാണ് ആദ്യം ചെയ്തത്.
ഇതുകണ്ടതോടെ നാലു വയസ്സുകാരനിലെ ശാസ്ത്രകുതുകിയെ മാതാപിതാക്കൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ വർഷമാണ് ഇസ്ഹാഖ് സ്കൂളിൽ ചേർന്നത്. ഓൺലൈൻ ക്ലാസിൽനിന്ന് അവനാഗ്രഹിച്ചത് കിട്ടാത്തതുകൊണ്ടോ മറ്റോ അവൻ ശാസ്ത്രപരീക്ഷണങ്ങളുടെ പിറകെ പോയി. കൺസൾട്ടൻറ് സൈക്കോളജിസ്റ്റായ മാതാവ് നിനുമോളും ബിസിനസുകാരനായ പിതാവ് ഷമാസും പ്രോത്സാഹനവുമായി കൂടെനിന്നു.
മക്കൾക്കായി വാങ്ങിയ പരീക്ഷണ പുസ്തകങ്ങളിലൂടെയാണ് ഇസ്ഹാഖ് ഓരോന്നും കണ്ടുപഠിച്ചത്. അങ്ങനെ 40 പരീക്ഷണം ചെയ്തു. എല്ലാം വിഡിയോയിൽ പകർത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർക്ക് അയച്ചുകൊടുത്തപ്പോൾ അവനെ തേടിയെത്തിയത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയ ബാലനുള്ള റെക്കോഡാണ്. ദിവസങ്ങൾക്കുമുമ്പ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് കൈവരിച്ചുവെന്ന സന്തോഷവാർത്തയും തേടിയെത്തി.
പരീക്ഷണങ്ങൾ ചെയ്യാനേറെ ഇഷ്ടമാണെന്ന് ഇസ്ഹാഖും പറയുന്നു. പ്രവൃത്തിയിലൂടെ പഠിക്കൽ (ലേണിങ് ബൈ ഡൂയിങ്) എന്ന പഠനരീതി സ്കൂൾ ക്ലാസുകളിൽ കൂടുതലായി നടപ്പാക്കിയാൽ ഏറെ ഫലപ്രദമാവും എന്ന നിലപാടാണ് നിനുമോൾക്ക്. മകൻ വലുതാവുമ്പോഴും സമാന താൽപര്യമുണ്ടെങ്കിൽ ആ വഴിയിൽ മുന്നേറട്ടെ എന്നാണ് മാതാപിതാക്കൾക്ക് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.