തദ്ദേശ തെരഞ്ഞെടുപ്പ്; വാർഡ് പുനർനിർണയിച്ച് പട്ടികയായി, ത്രിതല പഞ്ചായത്തുകളൊരുങ്ങുന്നു
text_fieldsകൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ പുതുതായി എത്തുന്നത് 129 വാർഡുകൾ. 82 പഞ്ചായത്തുകളിലായി 1,338 വാർഡുകളാണ് നിലവിലുണ്ടായിരുന്നത്.
പുതിയ വാർഡുകൾ യാഥാർഥ്യമാകുന്നതോടെ ഇത് 1,467 ആയി ഉയരും. ഒന്നു മുതൽ നാലു വാർഡുകൾ വരെ വിവിധ പഞ്ചായത്തുകളിൽ വർധിച്ചിട്ടുണ്ട്. വാഴക്കുളം പഞ്ചായത്തിലാണ് നാലു വാർഡുകൾ വർധിക്കുന്നത്. 20 വാർഡുകളുണ്ടായിരുന്ന ഇവിടെ 24 ആയി ഉയരും. പത്തു പഞ്ചായത്തുകളിൽ മൂന്നു വീതം വാർഡുകൾ വർധിക്കും.
മുളവുകാട്, വടവുകോട് പുത്തൻകുരിശ്, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിൽ വാർഡുകൾ വർധിക്കുന്നില്ല. സർക്കാർ പുറത്തിറക്കിയ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനർനിർണയത്തിന്റെ പട്ടികയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
749 വാർഡുകൾ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നു. 142 വാർഡുകളാണ് പട്ടിക ജാതി വിഭാഗത്തിൽപെട്ട സ്ത്രീകൾ ഉൾപ്പെടെ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യേണ്ടത്. 58 വാർഡുകൾ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾക്ക് സംവരണം ചെയ്യേണ്ടതാണ്.
മൂന്നു വാർഡുകൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവർക്ക് സംവരണം ചെയ്യേണ്ടതാണ്. ഇത് കുട്ടമ്പുഴ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. ഇതേ പഞ്ചായത്തിലെ രണ്ടു സീറ്റുകൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾക്ക് സംവരണം ചെയ്യപ്പെടേണ്ടതാണ്.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ 202
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണത്തിലും വർധനയുണ്ട്. നിലവിൽ 14 ബ്ലോക്ക് പഞ്ചായത്തുകളിലായി 185 ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. ഇത് 202 ആയി വർധിക്കും. അങ്കമാലി, വാഴക്കുളം, കോതമംഗലം എന്നീ ബ്ലോക്കുകളിൽ രണ്ട് വീതം ഡിവിഷനുകൾ വർധിക്കും. ബാക്കി ബ്ലോക്ക് പഞ്ചായത്തുകളിൽ ഓരോ ഡിവിഷനുകളാണ് വർധിക്കുന്നത്. 102 ഡിവിഷനുകൾ സ്ത്രീകൾക്ക് (പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നുൾപ്പെടെ) സംവരണം ചെയ്യേണ്ടതാണ്. 18 ഡിവിഷനുകൾ പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സംവരണം ചെയ്തിരിക്കുന്നു. നാലു ഡിവിഷനുകൾ പട്ടികജാതിയിൽ നിന്നുള്ള സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
ജില്ല പഞ്ചായത്തിൽ ഒരു ഡിവിഷൻ വർധിക്കും
27 ഡിവിഷനുകളാണ് നിലവിൽ എറണാകുളം ജില്ല പഞ്ചായത്തിലുള്ളത്. ഇക്കൂട്ടത്തിൽ ഒരെണ്ണം കൂടി വർധിച്ച് 28 ആകും. 14 ഡിവിഷനുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യണം. മൂന്നെണ്ണം പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്കായി സംവരണം ചെയ്യപ്പെടേണ്ടതാണ്. രണ്ടെണ്ണം പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾക്കും സംവരണം ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.