ലക്ഷദ്വീപിൽ ലോക്ഡൗൺ; വാക്സിൻ നൽകിയത് കാൽലക്ഷത്തോളം പേർക്ക്
text_fieldsകൊച്ചി: ലക്ഷദ്വീപിൽ കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി സമ്പൂർണ ലോക്ഡൗൺ തുടരുന്നു. ഏപ്രിൽ 28നാണ് ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ചെയർമാൻ അഷ്കർ അലി ലക്ഷദ്വീപിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങാനും മത്സ്യബന്ധനത്തിനുമെല്ലാം പ്രത്യേകസമയം അനുവദിച്ചിട്ടുണ്ട്. രോഗം ഏറക്കുെറ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതരുമായി ചർച്ച ചെയ്ത് അടുത്ത ദിവസങ്ങളിൽതന്നെ ഇളവ് നൽകിയേക്കും.
ദ്വീപിൽ 1868 കോവിഡ് കേസാണ് നിലവിലുള്ളത്. ആന്ത്രോത്ത് ദ്വീപിലാണ് കൂടുതൽ. ലക്ഷദ്വീപിലാകെ ആകെ 3080 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ആറുപേർ മരിച്ചു. ലോകത്തുടനീളം കോവിഡ് പടരുന്ന വേളയിലും ലക്ഷദ്വീപിൽ ഒരാൾക്കുപോലും രോഗം റിപ്പോർട്ട് ചെയ്യാതെ ഏറെക്കാലം ശക്തമായ പ്രതിരോധം കാഴ്ചവെച്ചിരുന്നു. ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത് ഒരുവർഷത്തോളമായി കഴിഞ്ഞ ജനുവരിയിലാണ് ദ്വീപിലാദ്യമായി ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്.
വാക്സിനേഷെൻറ കാര്യത്തിലും ഇന്ത്യയിലെ സംസ്ഥാനങ്ങളിൽനിന്നെല്ലാം വേറിട്ടുനിൽക്കുകയാണ് ലക്ഷദ്വീപ്. എഴുപതിനായിരത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപസമൂഹത്തിൽ വാക്സിൻ നൽകിയത് 24,143 പേർക്ക്. ഇതിൽ 19,607 പേർ ഒന്നാം ഡോസ് മാത്രം എടുത്തവരാണ്. 4536 പേർക്ക് രണ്ടാം ഡോസും ഇതിനകം നൽകി. ഇന്ത്യയിലെ മറ്റിടങ്ങളിലെപോലെ വാക്സിൻ ക്ഷാമം ലക്ഷദ്വീപിൽ അനുഭവപ്പെടുന്നില്ലെന്നും ആവശ്യത്തിനുണ്ടെന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.