പ്രചാരണച്ചൂടേറുന്നു; ഗോദയിൽ സജീവമായി മുന്നണികൾ
text_fieldsകൊച്ചി: യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ എറണാകുളം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു. കളം നിറഞ്ഞ് യു.ഡി.എഫിലെ ഹൈബി ഈഡനും എൽ.ഡി.എഫിലെ കെ.ജെ. ഷൈനും രംഗത്തിറങ്ങിയതോടെ പ്രവർത്തകരും ആവേശത്തിലാണ്. ഇരുവരുടെയും ചുവരെഴുത്തുകളും പോസ്റ്ററുകളും മണ്ഡലത്തിൽ നിറഞ്ഞുകഴിഞ്ഞു. ഒരാഴ്ച മുമ്പ് തന്നെ പ്രഖ്യാപനം വന്നതോടെ എൽ.ഡി.എഫ് പ്രചാരണം കൂടുതൽ മുന്നോട്ടുനീങ്ങിയിട്ടുണ്ട്. സിറ്റിങ് എം.പിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളിലായിരുന്നു ശനിയാഴ്ച പകൽസമയത്ത് ഹൈബി ഈഡൻ. തുടർന്ന് വൈകീട്ടോടെ പ്രഫ. എം.കെ. സാനുവിനെ സന്ദർശിച്ച് അനുഗ്രഹം തേടി.
കോൺഗ്രസ് നേതൃത്വത്തിന് ഏറെ ആത്മവിശ്വാസമുള്ള സീറ്റാണ് എറണാകുളം. ഇത്തവണയും മണ്ഡലം ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. തീരദേശ മേഖലയിലടക്കം മുന്നേറ്റം കാഴ്ചവെക്കാനാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. എൽ.ഡി.എഫ് സ്ഥാനാർഥി പ്രത്യേകം തയാറാക്കിയ ഷെഡ്യൂൾ പ്രകാരം ഏതാനും ദിവസങ്ങളായി വോട്ടർമാർക്കിടയിൽ പ്രചാരണവുമായി രംഗത്തുണ്ട്.
പാർലമന്റെ് മണ്ഡലം കൺവെൻഷനും നടത്തിയിരുന്നു. നേരിട്ട് രംഗത്തിറങ്ങാൻ സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനായി കാത്തിരിക്കുകയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ തന്നെയാകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പ്രാദേശിക തലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ അനൗദ്യോഗികമായി നടന്നുവന്നിരുന്നു. വിവിധ യോഗങ്ങൾ പൂർത്തീകരിച്ച് പ്രചാരണത്തിന്റെ രീതി ഏത് വിധത്തിൽ വേണമെന്നതിനെക്കുറിച്ച് ധാരണയിലെത്തിയിരുന്നു. വെള്ളിയാഴ്ച സ്ഥാനാർഥിയെ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചതോടെ അവരും സജീവമായി.
വരും ദിവസങ്ങളിൽ ഇരുമുന്നണികളുടെയും പ്രചരണം കൊഴുക്കും. ഇരുവർക്കും വേണ്ടി പ്രമുഖരടക്കം പ്രചാരണത്തിന് രംഗത്തെത്തും. വ്യവസായ നഗരത്തിലെ വികസനം, തീരദേശം നേരിടുന്ന പ്രതിസന്ധികൾ, ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ സ്ഥിതിഗതികൾ തുടങ്ങിയവയൊക്കെ ചർച്ചയാകും. വികസന നേട്ടങ്ങൾ വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കാനാണ് എൽ.ഡി.എഫ് ശ്രമം. എൻ.ഡി.എ ഇനിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അഭിഭാഷകനായ ആന്റണി ജൂഡിയിലൂടെ എറണാകുളത്തെ തങ്ങളുടെ സ്വാധീനം തെളിയിക്കാനാണ് ട്വൻറി ട്വൻറിയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.