എറണാകുളം സജ്ജം; നാളെ ബൂത്തിലേക്ക്
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ല സജ്ജം. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കവും പൂർത്തിയാക്കിയെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. ജില്ലയിൽ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങൾ ചാലക്കുടി ലോക്സഭ മണ്ഡലത്തിലും കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയോജകമണ്ഡലങ്ങൾ എറണാകുളത്തും പിറവം നിയസഭ മണ്ഡലം കോട്ടയം ലോക്സഭ മണ്ഡലത്തിലും മൂവാറ്റുപുഴ, കോതമംഗലം നിയമസഭ മണ്ഡലങ്ങൾ ഇടുക്കി ലോക്സഭ മണ്ഡലത്തിലും ഉൾപ്പെടുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 13,52,692 സ്ത്രീകളും 12,82,060 പുരുഷന്മാരും 13 ട്രാൻസ്ജെൻഡറും ഉൾപ്പെടെ ജില്ലയിൽ ആകെ 26,34,783 വോട്ടർമാരാണുള്ളത്. 51.34 ശതമാനം സ്ത്രീകളും 48.66 ശതമാനം പുരുഷന്മാരും ഉൾപ്പെടുന്നു. ജില്ലയിൽ 2294 പോളിങ് സ്റ്റേഷനും സജ്ജീകരിച്ചിട്ടുണ്ട്. വോട്ടർമാർ കൂടുതൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലും (2,10,815 പേർ) കുറവ് എറണാകുളം നിയോജക മണ്ഡലത്തിലും (1,65,052 പേർ) ആണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പൊലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാകും തെരഞ്ഞെടുപ്പ്.
പോളിങ് സാമഗ്രി വിതരണം ഇന്ന്
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. 2294 വോട്ടിങ്-വി.വി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 2753 ബാലറ്റ് യൂനിറ്റും 2753 കൺട്രോൾ യൂനിറ്റും 2,914 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്.
പോളിങ് സാമഗ്രി സ്വീകരണ-വിതരണ കേന്ദ്രങ്ങൾ:
- പെരുമ്പാവൂർ -ഗവ. ബോയ്സ് ഹൈസ്കൂൾ, പെരുമ്പാവൂർ
- അങ്കമാലി -എം.സി.എ ആൻഡ് എം.ബി.എ ബ്ലോക്ക്, യു.സി കോളജ്, ആലുവ
- ആലുവ -മലയാളം ആൻഡ് ഇക്കണോമിക്സ് ബ്ലോക്ക്, യു.സി കോളജ്, ആലുവ
- കളമശ്ശേരി -എസ്.എൻ.എച്ച്.എസ്.എസ് പുല്ലംകുളം, ഹൈസ്കൂൾ സെക്ഷൻ, നോർത്ത് പറവൂർ
- പറവൂർ -ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, നോർത്ത് പറവൂർ
- വൈപ്പിൻ -കൊച്ചിൻ കോളജ് അനക്സ്, കൂവപ്പാടം, ഫോർട്ട്കൊച്ചി
- കൊച്ചി -ടി.ഡി ഹൈസ്കൂൾ, മട്ടാഞ്ചേരി
- തൃപ്പൂണിത്തുറ -മഹാരാജാസ് കോളജ്, എറണാകുളം
- എറണാകുളം -എസ്.ആർ.വി സ്കൂൾ, എറണാകുളം
- തൃക്കാക്കര-ഗവ. ഗേൾസ് ഹൈസ്കൂൾ, എറണാകുളം
- കുന്നത്തുനാട് -ആശ്രമം ഹൈസ്കൂൾ, പെരുമ്പാവൂർ
- പിറവം -നിർമല പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ
- മൂവാറ്റുപുഴ -നിർമല ഹയർ സെക്കൻഡറി സ്കൂൾ, മൂവാറ്റുപുഴ
- കോതമംഗലം -എം.എ കോളജ്, കോതമംഗലം
തിരിച്ചറിയൽ കാർഡ് നിർബന്ധം
വോട്ട് ചെയ്യാൻ ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് പ്രധാന രേഖ. ഇത് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച രേഖകളും ഉപയോഗിക്കാം. ഇനിപ്പറയുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം. ആധാർ കാർഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫിസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യ പരിരക്ഷ സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ദേശീയ ജനസംഖ്യ രജിസ്റ്ററിന് കീഴിൽ (എൻ.പി.ആർ) രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർ.ജി.ഐ) നൽകിയ സ്മാർട്ട് കാർഡ്, ഇന്ത്യൻ പാസ്പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്ഥാന/പൊതുമേഖല/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്ക് നൽകുന്ന സർവിസ് തിരിച്ചറിയൽ കാർഡ്, എം.പി/എം.എൽ.എ/എം.എൽ.സി എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, കേന്ദ്ര സാമൂഹികനീതി- ശാക്തീകരണ മന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്.
1735 ബൂത്തിൽ വെബ്കാസ്റ്റിങ്
എറണാകുളം, ചാലക്കുടി, ജോട്ടയം, ഇടുക്കി ലോക്സഭ മണ്ഡലങ്ങളിലേതുൾപ്പെടെ 2294 പോളിങ് ബൂത്താണുള്ളത്. ഇതിൽ 1735 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ മോക്പോളിങ് ആരംഭിക്കുന്നത് മുതൽ പോളിങ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള നടപടികൾ കലക്ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും.
പോളിങ് ഡ്യൂട്ടിക്ക് 11,028 ഉദ്യോഗസ്ഥർ
ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് 11,028 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 2757 വീതം പ്രിസൈഡിങ് ഓഫിസർമാരെയും ഫസ്റ്റ് പോളിങ് ഓഫിസർമാരെയും 5514 പോളിങ് ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 231 സെക്ടറൽ ഓഫിസർമാരെയും നിയോഗിച്ചു. പോളിങ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് മൂന്ന് മൈക്രോ ഒബ്സർവർമാരുണ്ട്.
വിവിധ ബൂത്തുകളിൽ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കാൻ 513 വാഹനം സജ്ജമാണ്. 133 ജീപ്പ്, 56 ടെംപോ ട്രാവലർ, 324 ബസ് എന്നിവയാണ് ഉപയോഗിക്കുന്നത്. സെക്ടറൽ ഓഫിസർമാർക്കായി 231 വാഹനങ്ങളും സജ്ജമാക്കി.
28 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും
ജില്ലയിൽ 28 ബൂത്തുകൾ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളാണ്. ഇവിടെ സുരക്ഷ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും രണ്ടുവീതം ബൂത്തുകളാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും നാല് ബൂത്തു വീതം മാതൃക ബൂത്തുകളായി നിശ്ചയിച്ചിട്ടുണ്ട്.
14,577 പേർ വീട്ടിൽ വോട്ട് ചെയ്തു
ജില്ലയിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 14,577 പേർ വീടുകളിൽ വോട്ട് ചെയ്തു. 85 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസ്സ് പിന്നിട്ട 10,755 പേരും ഭിന്നശേഷിക്കാരായ 3101 പേരുമാണ് വോട്ട് ചെയ്തത്. അവശ്യസർവിസിലെ പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പിൽ 721 പേർ വോട്ടുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.