യു.ഡി.എഫ് മനസ്സുമായി പിറവം
text_fieldsകൊച്ചി: കാർഷിക, ഗ്രാമീണ മേഖലകളുടെ ഈറ്റില്ലമായ പിറവത്തിന് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പൊതുവെ യു.ഡി.എഫ് മനസ്സാണ്. 1977ൽ മണ്ഡലം രൂപവൽക്കരണത്തിന് ശേഷം നടന്ന 12 നിയമസഭ തെരഞ്ഞെടുപ്പുകളിൽ 10ലും ജയം യു.ഡി.എഫിനായിരുന്നു. 1987 ൽ സി.പി.എം നേതാവ് ഗോപി കോട്ടമുറിക്കലും 2006 ൽ എം.ജെ. ജേക്കബും ജയിച്ചതാണ് അപവാദം. ടി.എം. ജേക്കബിന്റെ തട്ടകമായിരുന്നു ദീർഘകാലം മണ്ഡലം. 1991, 1996, 2001, 2011 കാലഘട്ടത്തിൽ അദേഹമായിരുന്നു മണ്ഡലത്തിലെ എം.എൽ.എ. ജേക്കബിന്റെ മരണത്തെ തുടർന്ന് 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകൻ അനൂപ് ജേക്കബ് എം.എൽ.എ ആയത്.
ഇതിന് പുറമേ മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി. ചാക്കോ (1980), ബെന്നി ബഹനാൻ (1982) എന്നിവരും മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എയായിരുന്ന യു.ഡി.എഫിലെ അനൂപ് ജേക്കബ് 25,364 വോട്ടുകൾക്കാണ് ഇടത് സ്വതന്ത്ര ഡോ. സിന്ധുമോൾ ജേക്കബിനെ പരാജയപ്പെടുത്തിയത്. അനൂപ് ജേക്കബ് 85,056 വോട്ട് നേടിയപ്പോൾ സിന്ധുമോൾ 59,692 വോട്ടും ബി.ജെ.പി സ്ഥാനാർഥി എം. ആശിഷ് 11,021 വോട്ടും നേടി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭ മണ്ഡലത്തിൽ നിന്ന് ജയിച്ച യു.ഡി.എഫിലെ തോമസ് ചാഴിക്കാടൻ (ഇപ്പോഴത്തെ ഇടത് മുന്നണി സ്ഥാനാർഥി) മണ്ഡലത്തിൽ നിന്ന് 9104 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
ഇലഞ്ഞി, മണീട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി പഞ്ചായത്തുകളും പിറവം, കൂത്താട്ടുകുളം നഗരസഭകളും തൃപ്പൂണിത്തുറ നഗരസഭയിലെ തിരുവാങ്കുളം മേഖലയും ഉൾപ്പെടുന്നതാണ് മണ്ഡലം. നാല് ലോക്സഭ മണ്ഡലങ്ങളുടെ പരിധിയിൽപെടുന്ന എറണാകുളം ജില്ലയിൽ കോട്ടയം ലോക്സഭ മണ്ഡലത്തിലുൾപ്പെടുന്ന ഏക നിയമസഭ മണ്ഡലമെന്ന പ്രത്യേകതയും പിറവത്തിനുണ്ട്.
സംസ്ഥാനത്താദ്യമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് കോട്ടയം ലോക്സഭ മണ്ഡലത്തിലായതിനാൽ ഇടത് വലത് മുന്നണി സ്ഥാനാർഥികൾ മണ്ഡലത്തിൽ നിരവധി വട്ടമാണ് പര്യടനം നടത്തിയത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുന്നത്. സഭാതർക്കവുമായി ബന്ധപ്പെട്ട് ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾ നിലനിന്ന മണ്ഡലങ്ങളിലൊന്ന് എന്ന നിലയിൽ മുൻകാല തെരഞ്ഞെടുപ്പുകളിൽ അതും സജീവ ചർച്ചയായിരുന്നു. എന്നാൽ ഇത്തവണ സഭാതർക്കം കാര്യമായ ചർച്ചയില്ല.
യാക്കോബായ വിഭാഗം പരോക്ഷ പിന്തുണ ഇടത് മുന്നണിക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മണ്ഡലത്തിലെ യാക്കോബായ വോട്ടുകളിൽ അത് പ്രതിഫലിക്കുമോയെന്ന് കണ്ടറിയണം. ക്രൈസ്തവ, ഹൈന്ദവ വോട്ടുകൾ ഭൂരിപക്ഷമായ മണ്ഡലത്തിൽ മുസ്ലിം വോട്ടുകൾ കുറവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.