നഗരഹൃദയം താണ്ടി ഹൈബി; സ്നേഹം കൊണ്ട് വരവേൽപ്
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് ആവേശത്തിന് അത്രമേൽ ചൂടില്ലെങ്കിലും അൽപം കഴിഞ്ഞാൽ അന്തരീക്ഷം പൊള്ളിത്തുടങ്ങും. അതിന് മുമ്പേ നിശ്ചയിച്ച കേന്ദ്രങ്ങളിലെല്ലാം ഓടിയെത്തണം. ചെറുതെങ്കിലും പ്രവർത്തകർ ഒരുക്കിയ സ്വീകരണങ്ങളിൽ പങ്കെടുക്കണം. എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡനും നേതാക്കളും പ്രചാരണ വാഹനവും രാവിലെ ആറരയോടെതന്നെ തയാർ. മഹാനഗരത്തെ തൊട്ടുകിടക്കുന്ന കടവന്ത്ര, വൈറ്റില, മണ്ഡലങ്ങളിലായിരുന്നു വെള്ളിയാഴ്ച രാവിലത്തെ പര്യടനം.
കൃത്യം ഏഴിന് കതൃക്കടവ് ജങ്ഷനിൽ തുടക്കം. തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി സ്ഥാനാർഥി. ഉമ തോമസ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ട്. അകമ്പടിയായി ഇരുചക്രവാഹനങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുന്നിലെ വാഹനത്തിലെ അനൗൺസ്മെന്റ് കേട്ട് വീട്ടുമുറ്റങ്ങളിലേക്കും കട വരാന്തകളിലേക്കും ഫ്ലാറ്റുകളുടെ ബാൽക്കണികളിലേക്കും ആളുകൾ ഇറങ്ങിവന്നു. കുട്ടികളും സ്ത്രീകളും വയോധികരുമൊക്കെയുണ്ട്. എല്ലാവരെയും കൈവിശി അഭിവാദ്യം ചെയ്ത് സ്ഥാനാർഥി നീങ്ങി.
ചില കേന്ദ്രങ്ങളിൽ ലളിതമായ സ്വീകരണം. കെഴുപ്പിക്കാൻ മാലപ്പടക്കത്തിന്റെ ചെറുമേളം. വീട്ടമ്മമാരും കുട്ടികളുമെല്ലാം സ്ഥാനാർഥിയെ മാലയിട്ടും പൂക്കൾ കൊടുത്തും ഷാൾ അണിയിച്ചും സ്വീകരിക്കുന്നു. അച്ഛനമ്മമാരുടെ തോളിലിരുന്നാണ് ചില കുഞ്ഞുങ്ങൾ ഹാരമണിയിച്ചത്. സ്നേഹപ്രകടനങ്ങൾക്ക് കൈകൊടുത്തും കുരുന്നുകളുടെ കവിളിൽ ഉമ്മ വെച്ചും സ്ഥാനാർഥിയുടെ നന്ദിപ്രകടനം. എല്ലാ സ്വീകരണങ്ങൾക്കും കുറഞ്ഞ വാക്കുകളിൽ മറുപടി: ‘ഇന്ത്യ എന്ന ആശയം വീണ്ടെടുക്കാൻ, രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്താൻ, മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കാൻ കൈ എന്ന പൊന്നടയാളത്തിൽ വോട്ട് ചെയ്ത് എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു’. ഭരണകൂട ഭീകരതയും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയവും മണ്ഡലത്തിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങളുമെല്ലാം സാന്ദർഭികമായി സൂചിപ്പിക്കുന്നുണ്ട്.
നഗര റോഡുകളിൽ നിന്ന് ഉള്ളിലേക്ക് കടന്ന് ഇടുങ്ങിയ വഴികളിലൂടെയാണ് യാത്ര. നഗര മധ്യത്തിലെ നാട്ടിൻപുറമെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങൾ. ഇരുവശത്തും അടുക്കിവെച്ച പോലെ ചെറുതും വലുതുമായ വീടുകൾ. മുറ്റങ്ങളിൽ സ്ഥാനാർഥിയെ കാണാനും ആശീർവദിക്കാനും വീട്ടമ്മമാരും കുട്ടികളും കൂടി നിൽക്കുന്നു. കുടുംബി കോളനി ജങ്ഷൻ കഴിഞ്ഞ് മുട്ടത്തിൽ ലെയ്നിൽ എത്തിയപ്പോൾ ഹൈബി വാഹനത്തിൽ നിന്നിറങ്ങി നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
അവിടെനിന്ന് ബണ്ട് റോഡ് ജങ്ഷനിലേക്ക്. കുറച്ചുദൂരം മൺറോഡാണ്. വഴിയിൽ രാത്രിപെയ്ത മഴയുടെ വെള്ളം കെട്ടിക്കിടപ്പുണ്ട്. എളംകുളം ജങ്ഷനിലെത്തിയപ്പോൾ ചുമട്ടുതൊഴിലാളികൾ കൂടിനിൽക്കുന്നു. അവരോട് കുശലം പറഞ്ഞ് പിന്തുണ തേടി. ഗിരിനഗർ പരുത്തിച്ചുവട് ജങ്ഷനിൽ ഒരു കുല പച്ചമാങ്ങയുമായി ഒരു കുട്ടി അരികിലെത്തി. പോകുന്ന വഴിയിൽ ശുചീകരണത്തൊഴിലാളികളും ഓട്ടോതൊഴിലാളികളുമെല്ലാം സ്ഥാനാർഥിക്ക് അഭിവാദ്യം അറിയിച്ചു. പത്ത് മണിയോടെ പുതിയറോഡ് ജങ്ഷനിൽ കടവന്ത്ര മണ്ഡലത്തിലെ പര്യടനം പൂർത്തിയായി.
തുടർന്ന് വൈറ്റില മണ്ഡലത്തിലേക്ക്. ബണ്ട് റോഡ് തുടങ്ങുന്നിടത്ത് ഉമ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ജനത ജങ്ഷനിൽ ഒരു മരണവീട്ടിൽ കയറിയ ശേഷം ആമ്പേലിപ്പാടം പഞ്ചവടി ജങ്ഷനിൽ എത്തിയപ്പോൾ ഒരു കുഞ്ഞുപാവാടക്കാരിയാണ് മാലയിട്ട് സ്വീകരിച്ചത്. പൊന്നുരുന്നി ലാൽസലാം റോഡിലെ സ്വീകരണത്തിനിടെ അൽപനേരം മഴയുടെ ചെറുതുള്ളികൾ വീണു. ഉരുകിവിയർത്ത് നിന്ന സ്ഥാനാർഥിക്കും നേതാക്കൾക്കും ചുവന്ന തണ്ണിമത്തൻ കഷണങ്ങളുമായി പ്രവർത്തകരെത്തി. ഒരു മണിയോടെ പാരഡൈസ് റോഡിൽ രാവിലത്തെ പര്യടനം അവസാനിച്ചു. ഉച്ചകഴിഞ്ഞ് പൂണിത്തുറ, തമ്മനം, പാലാരിവട്ടം മണ്ഡലങ്ങളിൽ നടത്തിയ പര്യടനം രാത്രി ഒമ്പതരയോടെ കറുകപ്പള്ളിയിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.