കോട്ട ഇളകില്ലെന്ന് യു.ഡി.എഫ്; ചരിത്രം ഓർമിപ്പിച്ച് ഇടതുപക്ഷം
text_fieldsകൊച്ചി: തങ്ങളുടെ പൊന്നാപുരം കോട്ടയെന്നാണ് യു.ഡി.എഫ് എറണാകുളം നിയമസഭ മണ്ഡലത്തെ വിശേഷിപ്പിക്കുന്നത്. പാർലമെൻറ് മണ്ഡലത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് അവർ വിശ്വസിക്കുന്ന പ്രധാന നിയമസഭ മണ്ഡലവും എറണാകുളം തന്നെ. ഇവിടെയും യു.ഡി.എഫിന് പരാജയപ്പെടേണ്ടി വന്നിട്ടുണ്ടെന്ന ചരിത്രം ഓർമപ്പെടുത്തി, ഇത്തവണ തങ്ങൾ ‘ഷൈൻ’ ചെയ്യുമെന്ന് പറയുകയാണ് എൽ.ഡി.എഫ്. എറണാകുളം പാർലമെൻറ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ യു.ഡി.എഫിന് ഏറ്റവുമധികം ആത്മവിശ്വാസം നൽകുന്നതും ഇവിടമാണ്.
കൊച്ചി കോർപറേഷനും ചേരാനെല്ലൂർ പഞ്ചായത്തുമാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. കോർപറേഷന്റെ 27 മുതൽ 30 വരെയും 32,35,52 മുതൽ 66 വരെയുമുള്ള ഡിവിഷനുകൾ മണ്ഡലത്തിലുണ്ട്. മാത്രമല്ല, കൊച്ചി താലൂക്കിൽ പെടുന്ന 26ാം ഡിവിഷനും ഇക്കൂട്ടത്തിലുണ്ട്. മാറ്റങ്ങൾ അതിവേഗം ഉൾക്കൊള്ളുന്ന നഗരമാണ് എറണാകുളം. അതിനാൽ കോട്ടകൾ ഇളകില്ലെന്ന് ആർക്കും പ്രവചിക്കാനാകില്ലെന്നാണ് എൽ.ഡി.എഫ് നേതൃത്വത്തിന്റെ ആത്മവിശ്വാസം. നിലവിൽ കൊച്ചി കോർപറേഷൻ ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഈ വോട്ടുകൾ ഏകീകരിച്ച് പാർലമെൻറ് തെരഞ്ഞെടുപ്പിലും നേടാനായാൽ മണ്ഡലം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
എന്നാൽ മുമ്പും കൊച്ചി കോർപറേഷൻ ഇടതുപക്ഷം ഭരിച്ചിട്ടുണ്ടെന്നും അപ്പോഴും പാർലമെൻറിൽ തങ്ങൾക്കൊപ്പം നിലയുറപ്പിച്ചതാണ് എറണാകുളത്തിന്റെ ചരിത്രമെന്നും യു.ഡി.എഫ് വ്യക്തമാക്കുന്നു. പരമ്പരാഗത കോൺഗ്രസ് വോട്ടുകൾക്കൊപ്പം സാമുദായിക സമവാക്യങ്ങളും തങ്ങൾക്ക് നേട്ടമാകുമെന്നാണ് അവരുടെ വിലയിരുത്തൽ. എറണാകുളത്തിന് സുപരിചിതനായ ഹൈബി ഈഡന് വിജയം മുൻവർഷങ്ങളിലേതിനെക്കാൾ എളുപ്പമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. അതേസമയം എൽ.ഡി.എഫിന്റെ കെ.ജെ. ഷൈനിന് വനിത സ്ഥാനാർഥിയെന്ന നിലയിൽ സ്ത്രീകളുടെ വോട്ട് വലിയ തോതിൽ സമാഹരിക്കാനാകുമെന്നാണ് ഇടതു പ്രതീക്ഷ. പലരെയും മാറ്റി മാറ്റി പരീക്ഷിച്ചിട്ടും കാര്യമായ മുന്നേറ്റം നടത്താൻ ബി.ജെ.പിക്ക് മണ്ഡലത്തിൽ സാധിച്ചിട്ടില്ല. ട്വൻറി ട്വൻറി സ്ഥാനാർഥി മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടാണ് കഴിഞ്ഞ തവണ നേടിയത്.
മണ്ഡല ചരിത്രത്തിൽ ഇതുവരെ രണ്ടു തവണ മാത്രമാണ് ഇടത് സ്ഥാനാർഥിയെ നിയമസഭയിലേക്ക് അയച്ചത്. 1987ൽ എം.കെ. സാനു, 1998ൽ സെബാസ്റ്റ്യൻ പോളും. ഇരുവരും ഇടതുസ്വതന്ത്രർ. 2021ൽ യു.ഡി.എഫിലെ ടി.ജെ. വിനോദിന് 45930 വോട്ടും (41.72 ശതമാനം) എൽ.ഡി.എഫിലെ ഷാജി ജോർജിന് 34960 വോട്ടും (31.75) എൻ.ഡി.എയുടെ പത്മജ എസ്. മേനോന് 16,043 വോട്ടും (14.57) ആണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.