എട മോനേ! പ്രചാരണം കാണണേൽ ഓൺലൈനിലേക്ക് വാ...
text_fieldsകൊച്ചി: തിളച്ചുമറിയുന്ന നട്ടുച്ചവെയിലിൽ സ്ഥാനാർഥിയും സംഘവും പ്രചാരണ ചൂടിലമരുമ്പോൾ, സമൂഹമാധ്യമങ്ങളിലും തെരഞ്ഞെടുപ്പിന്റെ ചൂട് നിമിഷംപ്രതിയെന്നോണം കൂടി വരുകയാണ്. പ്രചാരണവും പ്രവർത്തനവും നാട്ടിൽ മാത്രമല്ല, നവമാധ്യമങ്ങളിലെ നല്ലൊരു ശതമാനം വരുന്ന വോട്ടർമാരിലേക്കെത്തിക്കാൻ പൂഴിക്കടകൻ തന്ത്രങ്ങൾ പലതും ഓൺലൈൻ യുദ്ധഭൂമിയിലെ ഭടൻമാർ പുറത്തെടുക്കും.
പ്രചാരണത്തിലെ സുന്ദരമുഹൂർത്തങ്ങൾ ചേർത്തുവെച്ച് ആവേശം പകരുന്ന ബി.ജി.എം മിക്സ് ചെയ്ത് റീൽസ് ഉണ്ടാക്കുക, ആരുകണ്ടാലും ഒന്നുകൂടി നോക്കിപ്പോവുന്ന പോസ്റ്റർ തയാറാക്കുക, സ്ഥാനാർഥിക്കൊപ്പം എപ്പോഴും യാത്ര ചെയ്യുക, ജനഹൃദയങ്ങളിലെ സ്പന്ദനങ്ങൾക്കനുസരിച്ച് സമൂഹമാധ്യമ കണ്ടന്റുകൾ ഒരുക്കുക.
ഇങ്ങനെ നിന്നുതിരിയാൻ ഇടമില്ലാത്ത തിരക്കാണ് നവമാധ്യമ അങ്കക്കളത്തിലെ പോരാളികൾക്ക്. ഓൺലൈൻ തെരഞ്ഞെടുപ്പുകളം കാണുമ്പോൾ തന്നെ ഒരു പ്രത്യേക വൈബ് ആണല്ലോയെന്ന് ആരുമൊന്ന് പറഞ്ഞുപോകും.
ഷൈൻ ഇവിടെ ‘സൂപ്പർ ഷൈനിങ്’
സ്ഥാനാർഥി പ്രഖ്യാപന വേളയിൽ മണ്ഡലത്തിലെ മിക്കവർക്കും പുതുമുഖമായിരുന്ന കെ.ജെ. ഷൈനിന്റെ മുഖം കൂടുതൽ ജനഹൃദയങ്ങളിലെത്തിക്കുന്നതിൽ വലിയ പങ്കാണ് മുന്നണിയുടെ സൈബർ ടീം വഹിച്ചിട്ടുള്ളത്. ഇവരുടെ പേരിൽ ഒഫീഷ്യൽ പേജ് തുടങ്ങി ചുരുങ്ങിയ ദിവസംകൊണ്ട് കാൽലക്ഷത്തോളം ഫോളോവേഴ്സുള്ള പേജാക്കി മാറ്റാൻ സി.പി.എമ്മിന്റെ പ്രാദേശിക നെറ്റ് വർക്കിന്റെ സഹായത്തോടെ സാധിച്ചു.
റീൽസ്, ഹിറ്റായ സിനിമ പോസ്റ്ററുകൾ റിക്രിയേറ്റ് ചെയ്തുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റർ, കുറിക്കുകൊള്ളുന്ന ക്യാച്ച് വേർഡുകൾ, സുന്ദരചിത്രങ്ങൾ ഇതെല്ലാമാണ് പങ്കുവെക്കുന്നത്. ഫോട്ടോഗ്രാഫർ, വിഡിയോഗ്രാഫർ, എഡിറ്റർ ഉൾപ്പെടെ അഞ്ചു പേരടങ്ങുന്ന ടീമാണ് എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈനിനുവേണ്ടി സൈബർ അങ്കത്തട്ടിൽ പോരിനുള്ളത്. സി.പി.എം ജില്ല കമ്മിറ്റി സമൂഹമാധ്യമ കൺവീനർ നിഷ അജിത്താണ് സംഘത്തെ നയിക്കുന്നത്.
ഒരു സൈബർ വാർ റൂം സെറ്റപ്പിൽ ഒന്നുമല്ല പ്രവർത്തിക്കുന്നതെങ്കിലും നിരവധി പേരിലേക്ക് ഇടതു സ്ഥാനാർഥിയെ പരിചയപ്പെടുത്താനും ഇതിനകം നിരവധി വൈറൽ പോസ്റ്ററുകളും റീലുകളും സൃഷ്ടിക്കാനുമായതിന്റെ സന്തോഷത്തിലാണ് ഇവരുടെ ടീം. ഇനിയുള്ള ദിവസങ്ങൾ പ്രധാനപ്പെട്ടതായതിനാൽ കൂടുതൽ ആളുകളിലേക്കെത്തുന്ന തരത്തിലുള്ള കണ്ടന്റുകൾ തയാറാക്കുകയാണ് ലക്ഷ്യം.
സൈബർ പടനയിച്ച് ഹൈബിയുടെ സ്വന്തം അന്ന
യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ നവമാധ്യമ പ്രചാരണത്തിനും വോട്ടുതേടലിനും പ്രത്യേകതയുണ്ട്, എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് ഭാര്യ അന്ന ലിൻഡ ഈഡനാണ്. അതുകൊണ്ടുതന്നെ സ്ഥാനാർഥിയുടെ മനസ്സറിഞ്ഞുള്ള പ്രചാരണമാണ് നവമാധ്യമ ഇടങ്ങളിൽ കാണാനാകുക. പോസ്റ്ററുകളായും മറ്റും സ്ഥാനാർഥി പ്രഖ്യാപനത്തിനും ഏറെ മുമ്പുതന്നെ അന്ന സോഷ്യൽ മീഡിയ വോട്ടർമാരെ കൈയിലെടുക്കാനുള്ള പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇൻസ്റ്റഗ്രാമിൽ റീൽ കട്ട്, ഫേസ്ബുക്കിൽ ചെറിയ കുറിപ്പോടുകൂടിയ പോസ്റ്റർ എന്നിങ്ങനെ ഓൺലൈൻ ജനത നിറഞ്ഞുനിൽക്കുന്ന പ്ലാറ്റ്ഫോമുകളിൽ അതതിന്റെ പ്രത്യേകതക്കനുസരിച്ചുള്ള കണ്ടന്റുകൾ, അതത് സമയത്ത്, അതത് രൂപത്തിൽ നൽകുന്നതിലാണ് പ്രത്യേകം ശ്രദ്ധിക്കുന്നത്.
ഹൈബി ഈഡന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾക്ക് പതിനായിരക്കണക്കിന് ഫോളോവേഴ്സുണ്ട്. അതിനാൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനോ പോസ്റ്റിന് റീച്ച് കൂട്ടാനോ ഒന്നും പെയ്ഡ് പ്രമോഷൻ ചെയ്യേണ്ടി വന്നിട്ടില്ലെന്ന് അന്ന ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ പറയത്തക്ക സോഷ്യൽമീഡിയ ടീമുമില്ല. ഒരു ഫോട്ടോഗ്രാഫർ, വിഡിയോഗ്രാഫർ, ടെക്നിക്കൽ കാര്യങ്ങൾക്ക് ഒരാൾ, ഇവരെയെല്ലാം ഏകോപിപ്പിച്ച് അന്നയുടെ പ്രവർത്തനവും.
തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമുള്ളെന്നിരിക്കേ ഹൈബിയുടെ പാർലമെൻറിലെ പ്രസംഗങ്ങളുടെ പ്രസക്തഭാഗങ്ങൾ ചെറിയ ക്ലിപ്പുകളായി പങ്കുവെക്കുന്നതിലാണ് ടീം ഊന്നൽ നൽകുന്നത്. അഭിഭാഷകയായ അന്ന ലിൻഡ ഔദ്യോഗിക തിരക്കുകൾക്ക് അവധി നൽകിയാണ് ഓൺലൈനായും ഓഫ് ലൈനായുമുള്ള ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നയിച്ചും ഏകോപിപ്പിച്ചും മുന്നോട്ടുപോകുന്നത്.
രാധാകൃഷ്ണന്റെ സൈബർ വാർ റൂം 24*7 ലൈവ്
എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ കൂടെ പര്യടനത്തിലുടനീളം മീഡിയ ടീമും സോഷ്യൽ മീഡിയ ടീമുമുണ്ട്. പോസ്റ്റർ തയാറാക്കാനും പോസ്റ്റ് ചെയ്യാനും നൂറുകണക്കിന് ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും പങ്കുവെക്കാനുമായി 24 മണിക്കൂറുമെന്നപോൽ സൈബർ വാർ റൂം പ്രവർത്തിക്കുന്നുണ്ട്. ഇതിനെല്ലാമായി ഏഴു പേരാണ് ടീമിലുള്ളത്.
പ്രഫഷനൽ തലത്തിൽ പരിചയ സമ്പന്നരായ ടീമാണ് പ്രവർത്തിക്കുന്നതെന്ന് ലോക്സഭ മണ്ഡലം സോഷ്യൽ മീഡിയ കൺവീനറും യുവമോർച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റുമായ കെ.എസ്. ഉണ്ണി വ്യക്തമാക്കി. സ്ഥാനാർഥി പ്രഖ്യാപനത്തിനു രണ്ടുമാസം മുമ്പു തന്നെ സൈബർ പ്രചാരണം തുടങ്ങി. സ്ഥാനാർഥിയുടെ പേരും ചിത്രവും ഉൾപ്പെടുത്താതെ വികസനകാര്യങ്ങളും വാഗ്ദാനങ്ങളും വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രചാരണ തുടക്കം.
ബൂത്ത് അടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പുകളും പ്രചാരണത്തിൽ സജീവമാണ്. എറണാകുളം മണ്ഡലത്തിനായി മാത്രം 1199 വാട്സ്ആപ് ഗ്രൂപ്പുകളുമുണ്ട്, ഇതുകൂടാതെ വാട്സ്ആപ് ചാനൽ, ഇൻഫ്ലുവൻസർമാരുടെ ഗ്രൂപ്പുകൾ തുടങ്ങിയവയും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.