നിങ്ങളുടെ പഴ്സ് കൈയിലുണ്ട്; ഉടമയെ തേടി കത്ത്
text_fieldsകൊച്ചി: ‘നിങ്ങളുടെ പഴ്സ് കൈയിലുണ്ട്. എറണാകുളം വുഡ്ലാൻഡ് ജങ്ഷനിലെ ഫുട്പാത്തിൽനിന്ന് കിട്ടിയതാണ്. ഇതാണ് എന്റെ ഫോൺ നമ്പർ’. കത്തിലെ വരികൾ കണ്ടതും ടി.ഐ. അബൂബക്കറിന് ശ്വാസം നേരെ വീണു.
ഒരാഴ്ച മുമ്പ് എറണാകുളം യാത്രക്കിടെ നഷ്ടപ്പെട്ട പഴ്സാണ് കിട്ടുമെന്ന് ഉറപ്പില്ലാതിരുന്ന സമയത്ത് കത്തിന്റെ രൂപത്തിൽ പ്രതീക്ഷയേകി എത്തിയത്. ചേരാനല്ലൂർ മഫ്താഹുൽ ഉലൂം മദ്റസയിലെ അധ്യാപകനാണ് അബൂബക്കർ. കഴിഞ്ഞ 31നാണ് എറണാകുളത്ത് എത്തുന്നത്. വീട്ടിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരമറിയുന്നത്. 7000 രൂപയും എ.ടി.എം കാർഡും ലൈസൻസും ആധാർ കാർഡുമൊക്കെ പഴ്സിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് തന്റെ വിലാസത്തിൽ ഒരു കത്ത് കൈയിലെത്തുന്നതെന്ന് അബൂബക്കർ പറഞ്ഞു. പൊട്ടിച്ച് വായിച്ചപ്പോൾ പഴ്സ് ഞങ്ങളുടെ കൈയിലുണ്ടെന്നും കത്തിലെ നമ്പറിൽ ബന്ധപ്പെടാനുമായിരുന്നു എഴുതിയിരുന്നത്. ഉടൻ കത്തിലെ നമ്പറിൽ വിളിച്ചു. കോർപറേഷനിലെ ശുചീകരണ വിഭാഗം ജീവനക്കാരൻ സജീവാണ് ഫോണെടുത്തത്. പഴ്സും പണവും സുരക്ഷിതമായി തങ്ങളുടെ കൈയിലുണ്ടെന്ന് സജീവ് അറിയിച്ചു.
ഓടയിൽനിന്നാണ് പഴ്സ് കിട്ടിയതെന്നും വിലാസവും കാർഡുമൊക്കെ ഉണ്ടായിരുന്നെങ്കിലും നമ്പറില്ലാത്തതിനാലാണ് കത്തിലൂടെ വിവരമറിയിയിക്കാൻ തീരുമാനിച്ചതെന്നും സജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെതന്നെ പഴ്സ് സ്വീകരിച്ചതായി അബൂബക്കർ പറഞ്ഞു. പഴ്സ് തിരികെ കിട്ടിയ സന്തോഷത്തിൽ സമ്മാനവും നൽകി നന്ദിയും പറഞ്ഞ് അബൂബക്കർ മടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.