ഗ്രാമത്തെ വിഴുങ്ങിയ നഗരമാലിന്യം
text_fieldsപച്ചപ്പ് നിറഞ്ഞ മണ്ണിൽ അധികാരികൾ പടുത്തുയർത്തിയ മാലിന്യമലകളാണ് ഇന്ന് ഭരണകേന്ദ്രങ്ങളെയും നാടിനെയും പുകയിൽ മൂടുന്നത്.ബ്രഹ്മപുരത്തിന്റെ നീറുന്ന പ്രശ്നങ്ങളുമായി മാധ്യമം പരമ്പര ഇന്നു മുതൽ...
ബ്രഹ്മപുരം. ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കാക്കനാടുനിന്ന് നോക്കിയാൽ കാണാവുന്ന അകലം മാത്രമുള്ള പ്രദേശം. രണ്ട് പതിറ്റാണ്ടുകൾ മുമ്പുവരെ പ്രകൃതിരമണീയം. വയലുകൾക്കും തെങ്ങിൻതോപ്പുകൾക്കും നടുവിൽ ശുദ്ധവായു ശ്വസിച്ച നാട്. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിന്റെ ഭാഗം. ഇവിടേക്കാണ് നഗരവാസികൾ പുറംതള്ളുന്ന മാലിന്യമത്രയും ഒന്നര പതിറ്റാണ്ട് മുമ്പ് ഇരച്ചെത്തി തുടങ്ങിയത്.
ഫ്ലാറ്റ് പണിയാനെന്ന പേരിൽ ചുളുവിലയ്ക്ക് കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് മാഫിയ ഇവിടത്തെ പാടശേഖരം വാങ്ങിക്കൂട്ടുകയായിരുന്നു ആദ്യം. വികസനം സ്വപ്നം കണ്ട നാട്ടുകാർ കാർഷികവൃത്തി നഷ്ടത്തിലായതോടെ കിട്ടിയ വിലയ്ക്ക് പാടങ്ങൾ നൽകി.
അപ്പോഴും തങ്ങളെ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ച് ഓർത്തിരുന്നില്ലിവർ. സെന്റിന് 500 രൂപ മുതൽ 1000 രൂപ വരെ വിലയ്ക്ക് വാങ്ങിയ 33.3 ഏക്കർ പാടശേഖരം ഭൂമാഫിയ സെൻറിന് 7500-8000 രൂപ വിലയിട്ട് മാലിന്യപ്ലാൻറിനായി കോർപറേഷന് മറിച്ച് വിറ്റതോടെയാണ് ചതിക്കപ്പെട്ടത്.
മനോഹരമായ ഈ ഭൂ പ്രദേശം കോർപറേഷന്റെ കുപ്പത്തൊട്ടിയാകുമെന്നറിഞ്ഞതോടെ സമീപത്തെ 20 കുടുംബങ്ങൾ കിട്ടിയ വിലയ്ക്ക് സ്ഥലം വിട്ടുനൽകി രക്ഷപ്പെട്ടു.
ഇതിനിടെ കോർപറേഷൻ മാലിന്യം ബ്രഹ്മപുരത്ത് തള്ളണമെന്ന ആവശ്യവുമായി സ്വകാര്യ വ്യക്തി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി.
അഡ്വ. സഹസ്രനാമനെ കോടതി കമീഷനായി വെക്കുകയും ചെയ്തു. മാലിന്യ പ്ലാന്റിന് അനുകൂല റിപ്പോർട്ടാണ് കമീഷൻ നൽകിയത്. നാട്ടുകാരെയോ വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് അധികൃതരെയോ കേൾക്കാതെയായിരുന്നു ഈ നടപടി. പഞ്ചായത്ത് ഇതിനെതിരെ നിയമ നടപടിയുമായി രംഗത്തിറങ്ങിയെങ്കിലും വിജയം കണ്ടില്ല. മാലിന്യ പ്ലാന്റ് പണിയാൻ ആന്ധ്രപ്രദേശ് ടെക്നോളജി െഡവലപ്മെന്റ് കൗൺസിലിന് കരാർ നൽകുന്ന ജോലികളും ഇതിനിടെ കോർപറേഷൻ പൂർത്തിയാക്കി. ഇവരാകട്ടെ പാടശേഖരത്തിലെ വെള്ളത്തിന് മുകളിൽ മണ്ണിട്ട് പ്ലാന്റ് നിർമാണം അതിവേഗം പൂർത്തിയാക്കി.
2008 ഏപ്രിൽ 20ന് പ്ലാന്റിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവഹിച്ചു. അന്ന് മുതൽ ടിപ്പർ ലോറികളിൽ ചവറും മാലിന്യവും പാഞ്ഞെത്തിത്തുടങ്ങി.
വെള്ളത്തിന് മുകളിൽ മണ്ണിട്ട് നികത്തി പണിത പ്ലാൻറിന് ദീർഘായുസ്സ് ഉണ്ടായില്ല. 2009ന്റെ തുടക്കത്തിൽതന്നെ അതിടിഞ്ഞു വീണു. ഇതോടെ തലങ്ങും വിലങ്ങുമായി മാലിന്യം തള്ളൽ. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും ഗുണമുണ്ടായില്ല.
ഇരട്ടി ദുരിതമായി മാലിന്യക്കൂനകളിൽ തീ പടർന്നും തുടങ്ങി. മാലിന്യക്കൂനയുടെ വളർച്ചക്കൊപ്പം തീപിടിത്തത്തിന്റെ ആഘാതവും കൂടി വന്നു.
ആദ്യ വർഷത്തേക്കാൾ വലിയ തീപിടിത്തമാണ് പിറ്റേ വർഷമുണ്ടായത്. പ്രതിഷേധം കനത്തപ്പോൾ കലക്ടറായിരുന്ന ഡോ. എം. ബീനയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്ലാന്റിനോട് ചേർന്ന 54 കുടുംബങ്ങളുടെ വീടും സ്ഥലവും ഉൾെപ്പടെ 63.7 ഏക്കർ കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചു.
കിട്ടിയ വിലയും വാങ്ങി ആ കുടുംബങ്ങളും സമീപ പ്രദേശങ്ങളിലേക്ക് ചേക്കേറി. അങ്ങനെ കടമ്പ്രയാറിന്റെ തീരത്ത് സംസ്ഥാനത്തിന്റെ സുന്ദര മുഖമായി ഉയർത്തിക്കാട്ടിയ സ്മാർട്ട് സിറ്റിക്കും ഇൻഫോ പാർക്കിനും ചാരെ വികൃത മുഖവുമായി 103 ഏക്കറിൽ ‘ബ്രഹ്മപുരം വിഷവാതക നിർമാണ കേന്ദ്രം’ കൂടുതൽ വിശാലമായി പ്രവർത്തിക്കാൻ തുടങ്ങി. നാട്ടുകാരെ മാത്രമല്ല കൊച്ചി നഗരത്തെപ്പോലും ശ്വാസം മുട്ടിച്ച്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.