വെൽകം ടു കൊച്ചി, ഗയ്സ്... നമുക്കനുഭവിക്കാം ഈ വിദ്യാഭ്യാസ മഹാമേളയെ...
text_fieldsകൊച്ചി: മെട്രോ നഗരത്തിന്റെ ഹൃദയഭാഗമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ട് ഒരുങ്ങിക്കഴിഞ്ഞു, കേരളത്തിലെയും ഗൾഫ് നാടുകളിലെയും ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫേക്ക് ചൊവ്വയും ബുധനും വേദിയാവാൻ. കരിയർ കൗൺസലിങ്, എജുക്കേഷൻ ആൻഡ് മോട്ടിവേഷൻ സ്പീക്കർമാരുടെ സെഷനുകൾ, എ.ഐ, റോബോട്ടിക്, മെറ്റാവേഴ്സ് വർക്ക്ഷോപ്പുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ്, സൈക്കോളജി കൗൺസലിങ്, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിങ്ങനെ നിരവധി സെഷനുകളും അവസരങ്ങളുമൊരുക്കി കാത്തിരിക്കുകയാണ് എജുകഫേ. കഴിഞ്ഞ ദിവസങ്ങളിലെ രജിസ്ട്രേഷൻ കൂടാതെ, സ്പോട്ട് രജിസ്ട്രേഷനുള്ള അവസരവുമുണ്ട്.
ചൊവ്വാഴ്ച രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മേള ഉദ്ഘാടനം ചെയ്യും. സ്റ്റാളുകൾ രാവിലെ 9.30ന് ടി.ജെ. വിനോദ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ടോപ്പേഴ്സ് ടോക് കൊച്ചി മേയർ എം. അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഉന്നതപഠനമാഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കും സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എജുകഫേയിലുണ്ടാകും. വിദ്യാർഥികൾക്ക് മാത്രമല്ല, രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമെല്ലാം പ്രത്യേകം സെഷനുകൾ നടക്കും.
മുതിർന്ന ഐ.എ.എസ് ഓഫിസർ എ.പി.എം മുഹമ്മദ് ഹനീഷ്, എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, ടോക് ഷോകളിലൂടെയും മറ്റും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ രാജ് കലേഷ്, പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും കരിയർ അനലിസ്റ്റുമായ സഹ്ല പർവീൺ, സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ, സിവിൽ സർവിസ് റാങ്ക് ജേതാവ് പാർവതി ഗോപകുമാർ, സിജി പ്രിൻസിപ്പൽ കരിയർ കൗൺസലർ സക്കറിയ എം.വി, കരിയർ കൗൺസലർ റാഫി പൊന്നാനി, റെയ്സ് ഏയ്ഗൺ ചെയർമാൻ രജീഷ് തേറത്ത്, ഐ.ഐ.ടി ഖരക്പുർ വിദ്യാർഥിയും ജെ.ഇ.ഇ-നീറ്റ് ടോപ്പറുമായ നൈന സിതാര, ഡോ. അബ്ദുൽ ഖാദർ എം.കെ, കൊളീജിയറ്റ് എജുക്കേഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടറും എൻട്രൻസ് എക്സാമിനേഷൻ മുൻ ജോയന്റ് കമീഷണറുമായ ഡോ. രജൂ കൃഷ്ണൻ എസ്., എച്ച്.ആർ പാനൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കൺവീനർ ജി. അനിൽകുമാർ, കാലിക്കറ്റ് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ ഒ. മുഹമ്മദാലി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കവിത എം.എ തുടങ്ങിയർ വിവിധ സെഷനുകൾ നയിക്കും.
‘സക്സസ് ചാറ്റ്’, ‘ടോപ്പേഴ്സ് ടോക്ക്’ എന്നിവയും എജുകഫേയുടെ പുതിയ സീസണിന്റെ ഭാഗമാകും. കുസാറ്റ് പ്രഫസറും ഫുൾബ്രൈറ്റ് സ്കോളറുമായ ഡോ. എ.എ. മുഹമ്മദ് ഹത്ത, കുസാറ്റ് അസിസ്റ്റൻറ് പ്രഫസർ ഡോ. പങ്കജ് സാഗർ, പിഎച്ച്.ഡി സ്കോളറും കേരള സിവിൽ സർവിസ് അക്കാദമി ഫാക്കൽറ്റിയുമായ ഡോ. വിനീത വിജയൻ, കലാനിരൂപകനും കവിയും ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രം തുടങ്ങിയവർ സക്സസ് ചാറ്റിൽ വിദ്യാർഥികളുമായി സംവദിക്കും. മാധ്യമം സീനിയർ സബ് എഡിറ്റർ ഷെബീൻ മെഹബൂബ് മോഡറേറ്ററാകും. മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്കാരം നേടിയ നദമോൾ ടി.ബി, വിദ്യാർഥിയും ഷോർട്ട്ഫിലിം മേക്കറുമായ പി.എ. അശ്വിൻ, എം.ജി യൂനിവേഴ്സിറ്റി റാങ്ക് ഹോൾഡർ അനു റാഫി, ഡോ. ഇജി സിലാസ് സ്മോൾ ഗ്രാന്റ് അവാർഡ് ജേതാവ് റഫ പി.ആർ, ഓഷ്യൻ കൺട്രി പാർട്ട്ണർഷിപ് പ്രോഗ്രാം സ്കോളർഷിപ് ജേതാവ് അനന്യ പി.ആർ, ഓഷ്യൻ കൺട്രി പാർട്ട്ണർഷിപ് പ്രോഗ്രാം സ്കോളർഷിപ് ജേതാവ് അപർണ എസ് തുടങ്ങിയവർ ടോപ്പേഴ്സ് ടോക്കിൽ സംവദിക്കും.
ദേശീയ, അന്തർദേശീയതലങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും കരിയർ വിദഗ്ധരും മേളയുടെ ഭാഗമാകും. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.