പ്രായം തളർത്താത്ത ഓർമകൾക്ക് മഹാരാജാസിന്റെ ആദരം
text_fieldsകൊച്ചി: ആറര പതിറ്റാണ്ട് മുമ്പ് മഹാരാജാസ് കോളജിന്റെ മടിത്തട്ടിൽ വിദ്യാർഥികളായി ഓടിനടന്നവർ മരിക്കാത്ത ഓർമകളുമായി ആ വലിയ കലാലയത്തിൽ ആദരവണിഞ്ഞ് നിന്നു.
ആയിരം പൂർണ ചന്ദ്രൻമാരെ ദർശിച്ച 84 വയസ് പൂർത്തിയായവർക്ക് മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഒ.എസ്.എ) ഗാന്ധി ജയന്തി ദിനത്തിൽ നൽകിയ ആദരിക്കൽ ചടങ്ങാണ് പ്രായത്തിന്റെ അവശതകൾ മറന്നെത്തിയ പഴയ വിദ്യാർഥികളുടെ വാക്കുകളാൽ വികാര നിർഭരമായത്.
മുൻ പ്രിൻസിപ്പൽമാരായ പ്രഫ. കെ. അരവിന്ദാക്ഷൻ, പ്രഫ. ഷേർളി ചന്ദ്രൻ, മഹാരാജാസിൽ തന്നെ പ്രഫസറായി വിരമിച്ച കെ.കെ. രാമകൃഷ്ണൻ, റോഡ്സ് ആൻറ് ബിൽഡിങ്സ് ഡിവിഷൻ എക്സി. എൻജിനിയറായിരുന്ന പി.സി. ജോസഫ്, പൊതുമരാമത്ത് എക്സി. എൻജിനിയറായിരുന്ന എം.ജെ. വർഗീസ്, മുൻ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ വി.കെ. കൃഷ്ണൻ, മുൻ അനിമൽ മൃഗക്ഷേമ ജോ. ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, എറണാകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന റോസി ജോസഫ്, എസ്.എൻ.ഡി.പി യൂനിയൻ മുൻ വൈസ് പ്രസിഡന്റ് എൻ.ഡി. ഗോപിദാസ് തുടങ്ങിയവർ ആദരം ഏറ്റുവാങ്ങാൻ കോളജിൽ നേരിട്ടെത്തി. ഡോ. എം. ലീലാവതി, പ്രഫ. എം. തോമസ് മാത്യു, മുൻ സി.ഐ.ടി.യു നേതാവ് കെ.എൻ. രവീന്ദ്രനാഥ്, കൊച്ചി സർവകലാശാല മുൻ വി.സി ബാബു ജോസഫ്, പ്രമുഖ മാധ്യമ പ്രവർത്തകൻ പി. രാജൻ, കെ.എൻ. രാമകൃഷ്ണൻ തുടങ്ങിയവരെ ഒ.എസ്.എ ഭാരവാഹികർ രാവിലെ വീടുകളിലെത്തി ആദരിച്ചു.
1940 -’60 കാലത്ത് മഹാരാജാസിലെ വിദ്യാർഥികളായിരിക്കെ തന്നെ ഇവരിൽ പലരും പൊതു രംഗത്തും കായിക, കലാ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിരുന്നവരാണ്.
മുഖ്യാതിഥിയായിരുന്ന തദ്ദേശ സ്വയം ഭരണ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥനും അധ്യക്ഷത വഹിച്ച ഒ.എസ്.എ പ്രസിഡന്റ് വേണു രാജാ മണിയും ചേർന്നാണ് മുതിർന്ന പൂർവ വിദ്യാർഥികളെ പൊന്നാടയണിയിച്ചത്.
തന്റെ അധ്യാപകനായിരുന്നു പ്രഫ. കെ. അരവിന്ദാക്ഷനെന്ന് വേണു രാജാമണി ഓർമപ്പെടുത്തിയപ്പോൾ തന്റെ കൊച്ചുമകൻ വേണുവിന്റെ ശിഷ്യനായിരുന്ന കാര്യം പ്രഫ. അരവിന്ദാക്ഷനും വെളിപ്പെടുത്തി. സി.ഐ.സി.സി ജയചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് സാജൻ മണ്ണാളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.