മഹാരാജാസിനു കീഴിലെ കടമുറികൾ; കുടിശ്ശിക പിരിക്കാൻ നടപടിയില്ലേ?
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിന്റെ പവലിയനിലുള്ള വ്യാപാര കേന്ദ്രങ്ങളിൽനിന്ന് വാടക കുടിശ്ശിക പിരിക്കാനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. വിവിധ വ്യാപാരകേന്ദ്രങ്ങളിൽ നിന്നായി വലിയൊരു തുക പിരിച്ചെടുക്കാനുണ്ടെങ്കിലും ഇത് എത്രയാണെന്ന വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാൻ അധികൃതർ തയാറായിട്ടില്ല. വാടക കുടിശ്ശിക ഉണ്ടെന്നു വ്യക്തമാക്കിയ വിവരാവകാശ മറുപടിയിൽ ഈ തുക എത്രയാണെന്നും ആരൊക്കെയാണ് കുടിശ്ശിക വരുത്തിയതെന്നുമുള്ള ചോദ്യത്തിന് മറുപടി നൽകാതെ ഒഴിയുകയാണ് മഹാരാജാസ് കോളജ് അധികൃതർ.
ഈ വിവരങ്ങൾ കോളജ് കാര്യാലയത്തിന്റെ രജിസ്റ്ററുകൾ വിവരാവകാശ നിയമപ്രകാരം പരിശോധിച്ച് കണ്ടെത്തണമെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്ക് മറുപടിയായി കോളജ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, രണ്ടു വർഷം മുമ്പ് സമാനമായ ചോദ്യങ്ങൾക്ക് തനിക്ക് ഓരോ സ്ഥാപനവും വരുത്തിയ കുടിശ്ശികയുൾപ്പെടെ കൃത്യമായ മറുപടി ലഭിച്ചിരുന്നെന്ന് രാജു വാഴക്കാല ചൂണ്ടിക്കാട്ടി.
ആകെ വാടകക്ക് നൽകിയ 13 കടമുറികളിലും അന്ന് കുടിശ്ശികയുണ്ടായിരുന്നു. ഇതെല്ലാം ചേർത്ത് ആകെ 1.38 കോടി രൂപയാണ് കുടിശ്ശികയായി കിട്ടാനുള്ളതെന്ന് 2022ൽ ലഭിച്ച വിവരാവകാശ മറുപടിയിലുണ്ടായിരുന്നു. എന്നാൽ, ദിവസങ്ങൾക്കു മുമ്പ് നൽകിയ അപേക്ഷയുടെ മറുപടിയിൽ കൃത്യമായ വിവരങ്ങൾ നൽകാതെ വെട്ടിലാക്കുകയാണ് കോളജ് അധികൃതരെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ആകെയുള്ള 14 കടമുറികളിൽ 13 എണ്ണവും വാടകക്ക് നൽകിയിട്ടുണ്ട്. ചതുരശ്ര അടിക്ക് 32.22 എന്ന കുറഞ്ഞ നിരക്കിലാണ് വാടക ഇവയിൽ നിന്ന് ഈടാക്കുന്നത്. പി.ഡബ്ല്യു.ഡി ആണ് ഇത് നിശ്ചയിക്കുന്നതെന്നും 2000ന് ശേഷം 2017, 2021 എന്നീ വർഷങ്ങളിൽ മാത്രമാണ് വാടക നിരക്ക് പുതുക്കിയത്.
കുടിശ്ശിക പിരിക്കാൻ സർക്കാർ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. എന്നാൽ, നിലവിൽ വാടകയിനത്തിൽ ലഭിച്ച തുകയിൽ എത്ര നീക്കിയിരിപ്പുണ്ടെന്നുള്ള വിവരവും നൽകിയിട്ടില്ല. മഹാരാജാസ് കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കും താൽകാലിക ജീവനക്കാരുടെ വേതന വിതരണത്തിനുമായാണ് ഈ തുക ചെലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.