മഹാരാജാസിലെ മൊബൈല്‍ ഫോൺ വെളിച്ചത്തിലെ പരീക്ഷ റദ്ദാക്കി
text_fieldsകൊച്ചി: മഹാരാജാസ് കോളജില്‍ വിദ്യാർഥികൾ മൊബൈല്‍ ഫോൺ വെളിച്ചത്തിലെഴുതിയ പരീക്ഷകള്‍ റദ്ദാക്കിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി.അനില്‍ അറിയിച്ചു. പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളജിലെ ഒന്നാം വര്‍ഷ ബിരുദം, മൂന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷകളാണ് റദ്ദാക്കിയത്.
വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് ഏപ്രിൽ 11ന് മൊബൈല്‍ ഫോൺ വെളിച്ചത്തില്‍ പരീക്ഷ നടത്തിയത്. മഴക്കാറുണ്ടായിരുന്നതിനാല്‍ സ്വാഭാവിക വെളിച്ചവും കുറഞ്ഞതോടെ അധ്യാപകരുടെ അനുമതിയോടെ വിദ്യാര്‍ഥികളെല്ലാവരും മൊബൈല്‍ ടോര്‍ച്ചിനെ ആശ്രയിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പരീക്ഷാദിവസം ഹാളിലേക്ക് കൊണ്ടുപോകാന്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ വിലക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ കയറ്റിയതാണ് വിവാദമായത്.
സംഭവദിവസം രാവിലെ മുതല്‍ കോളജില്‍ വൈദ്യുതിയില്ലായിരുന്നു. ജനറേറ്ററില്‍ നിന്ന് വൈദ്യുതി ലഭിച്ചില്ല. 54 ലക്ഷം രൂപ മുടക്കി കോളജിലേക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി സംവിധാനം ഒരുക്കിയിരുന്നെങ്കിലും അവശ്യഘട്ടത്തില്‍ പ്രയോജനപ്പെട്ടില്ല. 77 ലക്ഷത്തിന്‍റെ ജനറേറ്ററും ഇവിടെയുണ്ടെങ്കിലും അതും പ്രവര്‍ത്തിച്ചില്ല.
സർക്കാറിന്റെ പിടിപ്പുകേട് -കെ.എസ്.യു
കൊച്ചി: മഹാരാജാസ് കോളജിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതേണ്ടിവന്നത് സർക്കാറിന്റെ പിടിപ്പുകേടെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ കലാലയങ്ങളിൽ ഒന്നായ മഹാരാജാസ് കോളജിൽ പവർ സപ്ലൈയുടെ അപര്യാപ്തത മൂലം വിദ്യാർഥികൾ വലഞ്ഞ വിഷയം ഗൗരവത്തോടുകൂടി അധികാരികൾ കാണണം.
കോളജിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ടി വിവിധ തലങ്ങളിൽനിന്ന് വരുന്ന ഫണ്ടുകൾ തിരിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. വൈദ്യുതി കണക്ഷൻ ഹൈടെൻഷൻ ആക്കുന്നതിനുവേണ്ടി റുസ ഫണ്ടിൽനിന്ന് അനുവദിച്ച 54 ലക്ഷം രൂപയിൽ അഴിമതി നടന്നിട്ടുണ്ടെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് ആരോപിച്ചു.
ഓട്ടോണമസ് കോളജുകളിലെ അക്കാദമിക കാര്യത്തിൽ പൂർണ ഉത്തരവാദിത്തമുള്ള ഗവേണിങ് കൗൺസിൽ ചെയർമാൻ ഉൾപ്പെടെയുള്ളവർ മഹാരാജാസ് കോളജിൽ ഉണ്ടായ പവർകട്ട് വിഷയത്തിൽ മൗനം വെടിയണം. ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജുക്കേഷൻ മേധാവി വിഘ്‌നേശ്വരിക്കും അധികൃതർക്കും പരാതി നൽകുമെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.