കളിക്കളത്തിൽ യുവരാജാക്കൻമാരായി മഹാരാജാസ് താരങ്ങൾ
text_fieldsകൊച്ചി: കായികരംഗത്ത് അഭിമാന നേട്ടവുമായി മഹാരാജാസ് കോളജ്. ക്രിക്കറ്റ്, ഫുട്ബാൾ ഇനങ്ങളിലാണ് കോളജിലെ താരങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. അബ്ദുൽ ബാസിത്, നിഹാൽ സുധീഷ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്മൻ, അഥുൽ കൃഷ്ണൻ, സോയൽ ജോഷി എന്നിവരാണ് രാജ്യത്തെ മുൻനിര ക്ലബുകളിൽ ഇതിനോടകം സാന്നിധ്യമറിയിച്ചിരിക്കുന്നത്.
കോളജിലെ ഹിന്ദി വിഭാഗം വിദ്യാർഥി അബ്ദുൽ ബാസിത് നിലവിൽ ഐ.പി.എല്ലിലെ പ്രമുഖ ടീമായ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് കളിക്കുന്നത്. നിരവധിതവണ കേരള സീനിയർ ക്രിക്കറ്റിനെ പ്രതിനിധാനം ചെയ്തും ബാസിത് കളിക്കളത്തിൽ താരമായിട്ടുണ്ട്.
കാൽപന്തുകളിയിൽ കോളജിന് അഭിമാനമായി മാറുകയാണ് നിഹാൽ സുധീഷ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്മൻ, അഥുൽ കൃഷ്ണൻ, സോയൽ ജോഷി എന്നിവർ. കേരളത്തിന്റെ സ്വന്തം ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് നിഹാൽ സുധീഷ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്മൻ എന്നിവർ ജേഴ്സി അണിയുന്നത്. കോമേഴ്സ് വിദ്യാർഥിയായ നിഹാൽ ബ്ലാസ്റ്റേഴ്സിന്റെ മുൻനിര താരമാണ്.
ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥികളായ അസ്ഹർ, അയ്മൻ എന്നിവർ മധ്യനിരയിൽ കളിമെനയുന്നവരാണ്. ലക്ഷദ്വീപ് സ്വദേശികളായ ഇവർ ലക്ഷദ്വീപിനെ പ്രതിനിധാനം ചെയ്ത് സന്തോഷ് ട്രോഫിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥിയായ അഥുൽ കൃഷ്ണൻ ഈസ്റ്റ് ബംഗാൾ ടീമിലെ പ്രധാന ആകർഷണമാണ്. ഖേലോ ഇന്ത്യ ടീം മെംബറായ അഥുൽ സെൻട്രൽ ബാക് പൊസിഷനിലാണ് ബൂട്ടണിയുന്നത്. ഇക്കണോമിക്സ് വിദ്യാർഥിയായ സോയൽ റൈറ്റ് വിങ് ബാക്ക് പ്ലയറായാണ് മൈതാനം കീഴടക്കുന്നത്. സന്തോഷ് ട്രോഫി കേരള ടീമിൽ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് സോയൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.