ഉത്സാഹമായി... ആവേശമായി... ചരിത്രമായി...
text_fieldsകൊച്ചി: കായലിൽനിന്ന് വീശുന്നത് ചൂടുകാറ്റ്, ഒന്നു നിന്നുതിരിയാൻ പോലുമാവാത്തത്ര ആൾത്തിരക്ക്, കൂടാതെ ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ.. ഇതൊന്നും രാഹുൽ ഗാന്ധിയെന്ന പ്രിയ നേതാവിനുവേണ്ടി മണിക്കൂറുകളോളം കാത്തിരിക്കാൻ ആ വനിതകൾക്കൊരു പ്രതിബന്ധമായിരുന്നില്ല.
മുൻകൂട്ടി നിശ്ചയിച്ച സമയവും കടന്ന് ഏറെനേരമായിട്ടും രാഹുൽ ഗാന്ധി എത്താതിരുന്നിട്ടും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നെത്തിയ ആയിരക്കണക്കിന് വനിതകൾ അദ്ദേഹത്തെ ഒരുനോക്കുകാണാൻ കാത്തിരുന്നു. രാഹുൽ ഗാന്ധി എത്തിയ നിമിഷം മുതൽ ഇടക്കിടെ ഉയർന്ന കരഘോഷങ്ങളും മുദ്രാവാക്യം വിളികളുമെല്ലാമായി സദസ്സ് ഇളകിമറിഞ്ഞു. വിശാലമായ സദസ്സും കടന്ന് റോഡരികിൽവരെ ആളുകളുണ്ടായിരുന്നു.
രാവിലെ 11ന് എറണാകുളം മറൈൻ ഡ്രൈവിൽ രാഹുൽ ഗാന്ധി ഉത്സാഹ് മഹിള കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, രാവിലെ ഒമ്പതോടെതന്നെ സദസ്സിൽ ആളുനിറഞ്ഞുതുടങ്ങി. പത്തുമുതൽ നേതാക്കൾ പ്രസംഗം തുടരുന്നതിനിടെയാണ് ഉദ്ഘാടകൻ വൈകുമെന്ന വിവരം ലഭിച്ചത്, എത്തിയതാവട്ടെ ഉച്ചക്ക് 1.05നും. ഈ സമയത്തെല്ലാം ചൂടിൽ വിയർക്കുകയായിരുന്നു പ്രവർത്തകർ.
ഇതിനിടെ പ്രസംഗകയായി എത്തിയ രമ്യ ഹരിദാസ് എം.പിയുടെ പാട്ടും ആവേശോജ്വല മുദ്രാവാക്യം വിളികളും പ്രവർത്തകരിൽ ഉണർവ് പകർന്നു. പത്തുമിനിറ്റ് പ്രസംഗത്തിനിടെ നാല് പാട്ടുകളാണ് രമ്യ പാടിയത്. എല്ലാം പ്രവർത്തകർ ഏറ്റുപാടി. രാഹുൽ ഗാന്ധിയെക്കുറിച്ച ഗാനത്തിന്റെ നൃത്താവിഷ്കാരവും ശ്രദ്ധയാകർഷിച്ചു. 1.30ന് തുടങ്ങിയ സ്ത്രീപക്ഷ ചിന്തയിൽ ഊന്നിക്കൊണ്ടുള്ള രാഹുലിന്റെ പ്രസംഗത്തിന് ഇടക്കിടെ കരഘോഷങ്ങളും മുദ്രാവാക്യങ്ങളുമായാണ് സദസ്സ് മറുപടി നൽകിയത്.
ഡോ. സോയ ജോസഫാണ് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. മഹിള കോൺഗ്രസിനു പുറമേ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും നിരവധിയുണ്ടായിരുന്നു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തറിന്റെ സംഘാടന മികവിനെ പ്രസംഗത്തിൽ പലരും പ്രശംസിച്ചു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ പരിപാടിയാണിതെന്നും മഹിള കോൺഗ്രസിന് ചരിത്രസംഭവമാണിതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.