മഹിള കോണ്‍ഗ്രസിന്റെ ‘ഉത്സാഹ്’; പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പിസം മുറുകുന്നു
text_fieldsപെരുമ്പാവൂര്‍: മഹിള കോണ്‍ഗ്രസിന്റെ ‘ഉത്സാഹ്’ പെരുമ്പാവൂരിലെ കോണ്‍ഗ്രസിന്റെ കഷ്ടകാലമായി മാറുന്നതില്‍ അണികള്‍ക്ക് ആശങ്ക. അടുത്തെങ്ങും പരിഹരിക്കപ്പെടാനാകാത്ത വിധം വിഭാഗീയത പുറത്തായതോടെ ജില്ല-സംസ്ഥാന നേതൃത്വങ്ങള്‍ ഗാലറിക്ക് പുറത്തിരുന്ന് കളികാണുകയാണെന്നാണ് സാധാരണ പ്രവര്‍ത്തകർ പറയുന്നത്. താമസിയാതെ പരിഹരിക്കപ്പെടുമെന്ന് ഇവര്‍ ആശ്വസിക്കുമ്പോള്‍ നിയോജക മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കള്‍ വിഷയം വഷളാക്കുന്നതിൽ ആശങ്കയുമുണ്ട്.
വിഷയം രൂക്ഷമാകുന്നതിന്റെ തെളിവായി ശനിയാഴ്ച പി.പി. തങ്കച്ചന്റെ വസതിയില്‍ കൂടിയ ഗ്രൂപ് യോഗം മറുവിഭാഗം ഉയര്‍ത്തിക്കാണിക്കുന്നു. മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനു അംബീഷിനെ സംസ്ഥാന കമ്മിറ്റി സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടതില്ലെന്നാണ് തങ്കച്ചന്റെ അധ്യക്ഷതയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പങ്കെടുത്ത യോഗത്തിന്റെ പ്രധാന തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്ദിര ഗാന്ധിയുടെ ചരമദിനമായ 31ന് പെരുമ്പാവൂരില്‍ റാലിയും പൊതുസമ്മേളനവും നടത്താന്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി നിയോജക മണ്ഡലത്തില്‍ മഹിള കോണ്‍ഗ്രസ് സമാന്തര കമ്മിറ്റികള്‍ ഉണ്ടാക്കുന്നതിനും എല്ലാ മണ്ഡലങ്ങളിലും യൂനിറ്റ് കമ്മിറ്റികള്‍ ചേരാനും പരിപാടി വിജയിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ബിജു ജോണ്‍ ജേക്കബ്, ഒ. ദേവസി, ജോയ് പൂണേലി, കെ.പി. വര്‍ഗീസ്, അംബിക മുരളീധരന്, ഷൈമി വര്‍ഗീസ്, പി.പി. അവറാച്ചന്, ജോഷി തോമസ്, അരുണ്‍ പോള്‍ ജേക്കബ്, എല്‍ദോ ചെറിയാന്, പോള്‍ പാത്തിക്കല്‍, കമല്‍ ശശി, സി.കെ. രാമകൃഷ്ണന്, പി.വി. തോമസ്, പി.പി. അല്‍ഫോന്‍സ്, എ.ടി. അജിത്കുമാര്‍ ഉൾപ്പെടെ തങ്കച്ചന്റെ വിശ്വസ്തരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഐ ഗ്രൂപ്പില്‍നിന്ന് അടുത്തിടെ പിരിഞ്ഞ നേതാക്കളില്‍ ചിലര്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് ജില്ല അധ്യക്ഷനും പങ്കെടുത്ത ‘ഉത്സാഹ്’ പരിപാടിയില്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. എ, ഐ ഗ്രൂപ്പിന് പുറമെ മൂന്നാം ഗ്രൂപ്പായി ഇവര്‍ പെരുമ്പാവൂരില്‍ നിലകൊള്ളുകയാണ്. ‘ഉത്സാഹ്’ സംബന്ധിച്ച് എ ഗ്രൂപ് നേതാക്കള്‍ പ്രത്യേക പ്രതികരണങ്ങളൊന്നും നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്.
പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇരുവിഭാഗവും അവകാശപ്പെട്ടിരുന്നെങ്കിലും ബെന്നി ബഹനാന് എം.പി പാര്‍ട്ടി പരിപാടിയുമായി അന്നേ ദിവസം കോഴിക്കോടായിരുന്നു. എന്തായാലും സംസ്ഥാനതലത്തില്‍ ‘ഉത്സാഹ്’ ഭംഗിയായി സംഘടിപ്പിക്കപ്പെട്ടപ്പോള്‍ പെരുമ്പാവൂരില്‍ ഗ്രൂപ് പ്രസരത്തില്‍ തകര്‍ക്കപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.