അറ്റകുറ്റപ്പണി: റോ റോ വെസൽ കപ്പൽശാലയിൽ
text_fieldsഫോർട്ട്കൊച്ചി: കഴിഞ്ഞ ആറ് മാസത്തോളമായി യന്ത്രത്തകരാറിനെ തുടർന്ന് വൈപ്പിൻ ജെട്ടിയിൽ കെട്ടിയിരുന്ന സേതുസാഗർ ഒന്ന് റോ റോ വെസൽ ഒടുവിൽ കൊച്ചി കപ്പൽ ശാലയിൽ ഡ്രൈ ഡോക്ക് ചെയ്തു. അടുത്ത ആഴ്ച ഇതിന്റെ യന്ത്ര സാമഗ്രികൾ വിദേശത്തുനിന്ന് എത്തുമെന്നാണ് കരുതുന്നത്. അങ്ങനെ എത്തിയാലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ വീണ്ടും സമയമെടുക്കും. അതേസമയം കൊച്ചി നഗരസഭയുടെ ഈ കൗൺസിൽ അധികാരത്തിൽ വന്നതിനുശേഷം പത്തു കോടിയോളം രൂപ റോ റോ സർവിസിന് ചെലവഴിച്ചെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. നിർമിക്കാൻ ചെലവായതിനേക്കാൾ കൂടുതൽ പണമാണ് രണ്ടുവർഷംകൊണ്ട് ചെലവാക്കേണ്ടി വന്നത്. ഒരു രൂപ പോലും തങ്ങൾക്ക് വരുമാനം ലഭിച്ചിട്ടില്ലെന്നും മേയർ ഫേസ് ബുക്കിൽ കുറിച്ചു. റോ-റോ ഓടിക്കുന്നതിന്റെ മുഴുവൻ ടിക്കറ്റ് വരുമാനവും ലഭിക്കുന്നത് കിൻകോക്കാണ്.
ഗുരുതര പ്രശ്നങ്ങളാണ് ഇതിലുള്ളത്. ഒരു സർക്കാർ സ്ഥാപനം എന്ന നിലയിലാണ് ഈ ജോലി ഏൽപ്പിച്ചത്. സ്വകാര്യ മേഖല ഈ റോ റോ ഓപറേറ്റ് ചെയ്താൽ ഏതെങ്കിലും അപകടങ്ങൾക്ക് സാധ്യതയുണ്ട് എന്ന കൗൺസിലിന്റെ വികാരത്തിലാണ് കെ.എസ്.ഐ.എൻ.സിയെ ഏൽപ്പിച്ചതെന്നും മേയർ പറയുന്നു. കെ.എസ്.ഐ.എൻ.സി മാനേജിങ് ഡയറക്ടറുമായി ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.
ഡ്രൈ ഡോക്കിനുശേഷം വീണ്ടും ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് കൊച്ചി നഗരസഭയുടെ ഏതെങ്കിലും വീഴ്ച കൊണ്ടല്ല യാത്രക്കാർക്ക് പ്രയാസങ്ങൾ ഉണ്ടാകുന്നെതന്ന് എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു. സംസ്ഥാന സർക്കാറിന്റെ ഊർജിതമായ ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണ്. മന്ത്രി പി. രാജീവ് ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ മൂന്നാമത്തെ റോ-റോക്കുള്ള ഫണ്ട് ലഭിക്കുകയും എസ്.പി.വി രൂപവത്കരിക്കുകയോ സംസ്ഥാന സർക്കാറിന് തന്നെ മുൻകൈയുള്ള പരാതികൾക്കിട വരുത്താതെ പൊതുമേഖല സ്ഥാപനം ഈ വെസലിന്റെ പ്രവർത്തനം നടത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭക്ക് വരുമാനം ലഭിക്കണം എന്ന നിർബന്ധത്തേക്കാൾ നഗരസഭ എല്ലാവർഷവും ഇതിനുവേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയും യാത്ര സൗകര്യവും മുൻനിർത്തിയാണ് നഗരസഭ ഈ സർവിസ് നടത്തുന്നത്. എല്ലാവരുമായി ചർച്ച ചെയ്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കുക തന്നെ ചെയ്യും എന്ന ഉറപ്പ് നൽകുന്നുവെന്നും മേയർ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.