വിദേശ ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം തട്ടിയയാൾ അറസ്റ്റിൽ
text_fieldsകൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഏജൻസി ഉടമ അറസ്റ്റിൽ. യൂറോപ്പ്, സ്വീഡൻ എന്നിവിടങ്ങളിലെ മത്സ്യ സംസ്കരണ ഫാക്ടറിയിൽ പാക്കിങ് ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരിൽനിന്നായി രണ്ടു ലക്ഷം രൂപ വീതം തട്ടിയെടുത്ത മാള പൊയ്യ ചിമ്മാച്ചേരി വീട്ടിൽ ഷിൻസൺ തോമസിനെയാണ് (38) എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. കലൂർ ചമ്മണി ടവേഴ്സിൽ പ്രവർത്തിക്കുന്ന സന ഇന്റർനാഷനൽ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രതി.
ജോലി വാഗ്ദാനം ചെയ്ത് എളമക്കര സ്വദേശിയിൽനിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ജോലിയുടെ വർക്കിങ് പെർമിറ്റ് എടുക്കുന്നതിന് രണ്ടു ലക്ഷം രൂപ അഡ്വാൻസായി എടുക്കണമെന്ന് ഷിൻസൺ എളമക്കര സ്വദേശിയെ അറിയിച്ചു. 2022 ഒക്ടോബർ 28ന് ഷിൻസന്റെ രണ്ടു ലക്ഷം രൂപ അടച്ചിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ഇയാൾ കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്. എളമക്കര സ്വദേശിയെ കൂടാതെ രണ്ടുപേർ കൂടി നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരിൽനിന്ന് രണ്ടു ലക്ഷം രൂപ വീതം ഇയാൾ തട്ടിയെടുത്തെന്നാണ് പരാതി. ഷിൻസൺ ഇപ്പോൾ ചേരാനല്ലൂരിൽ വാടകക്ക് താമസിക്കുകയാണ്.
കൂടുതൽ പേർ തൊഴിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കോഴിക്കോട്, മാള, ആലപ്പുഴ, പാലക്കാട്, കരുവാറ്റ, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ, പ്രിൻസിപ്പൽ എസ്.ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ അജിലേഷ് ഉണ്ണി, വിനീത് പവിത്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.