ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി പിടിയിൽ
text_fieldsകൊച്ചി: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ(38)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകളും കണ്ടെടുത്തു.
പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം അലറി വിളിച്ച് അക്രമം അഴിച്ചു വിട്ട ഇയാളെ സാഹസികമായാണ് എക്സൈസ് സംഘം കീഴടക്കിയത്. നൈട്രോസെപാം ഗുളികകൾ 20 ഗ്രാമിൽ അധികം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമാണ്.
വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാർഥികൾക്കാണ് ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. ഇത്തരത്തിലുള്ള മയക്കുമരുന്നന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും. ഇയാളുടെ കെണിയില്‍ അകപ്പെട്ട യുവതീ യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്തി ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
കേസെടുത്ത സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം എറണാകുളം റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി.എം.വിനോദ്, കെ.കെ.അരുൺ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫിസർ എൻ.ഡി.ടോമി, IB പ്രിവൻ്റീവ് ഓഫിസർ എൻ.ജി.അജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അമൽദേവ്, ജിഷ്ണു മനോജ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ റസീന. വി.ബി എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.