മാഞ്ചേരിക്കുഴിപ്പാലം; യാത്രക്കാരെ വലച്ച് അപ്രോച്ച് റോഡുകളുടെ വീതിക്കുറവ്
text_fieldsപള്ളിക്കര: തൃക്കാക്കര-കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കടമ്പ്രയാറിന് കുറുകയുള്ള മാഞ്ചേരി കുഴിപ്പാലം യാത്രക്കാർക്ക് തുറന്നു നൽകിയെങ്കിലും അപ്രോച്ച് റോഡുകളുടെ വീതിക്കുറവും ശോച്യാവസ്ഥയും യാത്രക്കാരെ വലക്കുന്നു. കാക്കനാടുനിന്ന് ഇടച്ചിറവഴി എളുപ്പത്തിൽ മാഞ്ചേരി കുഴിപ്പാലത്തിൽ എത്താം.
എന്നാൽ, ഇടച്ചിറ ഒറ്റക്കാലി തോടിന് കുറുകെയുള്ള ഭാഗം അപകടാവസ്ഥയിലായിട്ട് നാളുകളായി. സമീപത്തെ ഫ്ലാറ്റുകളിലെ താമസക്കാർ ഉൾപ്പെടെയുള്ള നാട്ടുകാർ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതിനാൽ ഈ ഭാഗത്തുകൂടി ബസ് സർവിസ് ആരംഭിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യവും പരിഗണിച്ചിട്ടില്ല. ഇടുങ്ങിയ റോഡിൽ അപകടങ്ങളും പതിവാണ്.
പടിഞ്ഞാറെ മോറക്കാലയിൽനിന്ന് പാലം വരെയുള്ള റോഡ് കുണ്ടും കുഴിയുമായി യാത്ര ദുസ്സഹമാണ്. നല്ല നിലയിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും റോഡ് തകർന്നതിനാൽ നാട്ടുകാർക്ക് പ്രയോജനം ലഭിക്കുന്നില്ല.
ആവശ്യത്തിന് വീതിയില്ലാത്തതിനാൽ വലിയ വാഹനങ്ങൾക്ക് പോകാൻ ഏറെ ബുദ്ധിമുട്ടാണ്. മോറക്കാല മുതൽ പടിഞ്ഞാറെ മോറക്കാലവരെയുള്ള 1.2 കിലോമീറ്റർ ദൂരം ടാറിങ് ഉന്നത നിലവാരത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഭാഗത്തെ റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.