കൊച്ചിയുടെ തീരദേശ സംരക്ഷണത്തിന് കണ്ടൽക്കാട് പദ്ധതി
text_fieldsകൊച്ചി: കൊച്ചിയുടെ തീരദേശമേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക കണ്ടൽക്കാട് പദ്ധതി ‘മാംഗ്രോവ്സ് ഇനിഷിയെറ്റീവ് ഇൻ എറണാകുള’ ത്തിന് തുടക്കമിട്ട് മുൻനിര ആഗോള എൻഡ് ടു എൻഡ് സപ്ലൈ ചെയിൻ സേവന ദാതാക്കളായ ഡിപി വേൾഡ്. കൊച്ചിയുടെ പരിസ്ഥിതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്ലാൻ@എർത്ത് എന്ന സംഘടനയുമായി ചേർന്നാണ് ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നത്.
വൈപ്പിനിലെ പള്ളിപ്പുറം, കുഴിപ്പിള്ളി, കടമക്കുടി, ഞാറക്കൽ എന്നീ പഞ്ചായത്തുകളിലുള്ള 50 ഏക്കറിൽ കണ്ടൽക്കാട് നടുകയും അതിന്റെ പരിരക്ഷണവുമാണ് ഏറ്റെടുക്കുന്നത്. മാംഗ്രോവ്സ് ഇനിഷിയെറ്റീവ് ഇൻ എറണാകുളം പദ്ധതി വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കൊച്ചിയുടെ തീരങ്ങളിൽ 100,000 ത്തോളം കണ്ടൽ തൈകൾ നടാനൊരുങ്ങുകയാണ് ഡിപി വേൾഡ്. ദീർഘകാലം അവയുടെ സംരക്ഷണവും ഏറ്റെടുക്കും. ഇതിനായി തീരദേശജനവിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള സാമൂഹികാധിഷ്ഠിത കർമപരിപാടിക്കും രൂപംനൽകും. കണ്ടൽക്കാടുകളെ സംരക്ഷിക്കുന്നതിനും അവയുടെ വ്യാപനത്തിനും ഗവണ്മെന്റ് നിരവധി ചുവടുവെയ്പ്പുകൾ നടത്തുന്നുണ്ട്.
ഈ ശ്രമങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് പദ്ധതിയെന്ന് ഡി.പി. വേൾഡ് കൊച്ചി പോർട്സ് ആൻഡ് ടെർമിനൽ സിഇഒ പ്രവീൺ ജോസഫ് പറഞ്ഞു.
ഡി.പി. വേൾഡ് പോർട്സ് ആൻഡ് ടെർമിനൽസ് ഓപ്പറേഷൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം സീനിയർ ഡയറക്ടർ ദിപിൻ കയ്യാത്ത്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, കുസാറ്റിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം പ്രഫസർ ഡോ. എം. ഹരികൃഷ്ണൻ എം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്. രമണി അജയൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ്, പ്ലാൻ@എർത്ത് ഫൗണ്ടറും സെക്രട്ടറിയുമായ സൂരജ് എബ്രഹാം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.