കൽപന ലംഘിച്ച് കുർബാന: മതാധ്യാപികയുടെ നിരാഹാരം നാലാം ദിവസത്തിലേക്ക്
text_fieldsകൊച്ചി: എറണാകുളം അതിരൂപതക്കു കീഴിലെ വല്ലം ഫൊറോനയിലെ പെരുമ്പാവൂർ തോട്ടുവ പള്ളിയിലെ വികാരിക്കെതിരെ മതാധ്യാപിക നടത്തുന്ന നിരാഹാര സത്യഗ്രഹം നാലാം ദിവസത്തിലേക്ക്.
അതിരൂപത മെത്രാപ്പോലീത്ത മാർ ആന്റണി കരിയിലിന്റെ കൽപന ലംഘിച്ച് സിനഡ് കുർബാന അർപ്പിക്കുന്നതിനെതിരെയാണ് ഫാ. തരിയൻ ഞാളിയത്തിനെതിരെ അൽഫോൻസ വർഗീസ് ചൊവ്വാഴ്ച അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. ഇതിനിടെ, ഇടവകയിൽ ഉരുത്തിരിഞ്ഞ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആർച് ബിഷപ് ആൻറണി കരിയിൽ മൂന്നംഗ കമീഷനെ നിയോഗിച്ചു. ഫാ. വർഗീസ് പൊട്ടക്കൽ കൺവീനറായും ഫാ. ജിമ്മി പൂച്ചക്കാട്ട്, ഫാ. പോൾ മനയമ്പിള്ളി എന്നിവർ അംഗങ്ങളായുമുള്ള കമീഷന് വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികൾ എത്തുന്നുണ്ട്. അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, അൽമായ മുന്നേറ്റം പ്രതിനിധികളായ ബോബി മലയിൽ, റിജു കാഞ്ഞൂക്കാരൻ, ജോജോ ഇലഞ്ഞിക്കൽ തുടങ്ങി നിരവധി പേർ നേരിട്ടെത്തി പിന്തുണയർപ്പിച്ചു. ഇവരുടെ ക്ലാസിലെ വിദ്യാർഥികളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് തോട്ടുവ ഇടവക വിശ്വാസികൾ വ്യക്തമാക്കി.
ഇടവകയിൽ പുറത്തുനിന്ന് കുർബാന അർപ്പിക്കാൻ എത്തുന്ന വൈദികരെ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയുകയായിരുന്നു തോട്ടുവ പള്ളി വികാരി. ഇദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതാധ്യാപികയുടെ സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.