കൂട്ട മൊബൈൽ ഫോൺ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു
text_fieldsകൊച്ചി: അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ കൂട്ട മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ മുംബൈയിൽനിന്ന് പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു.
താനെ സ്വദേശി സണ്ണിഭോല യാദവ് (27), ഉത്തർപ്രദേശ് സ്വദേശി ശ്യാം ബരൻവാൽ (32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെത്തിച്ചത്. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
കേസിൽ ഡൽഹിയിൽനിന്ന് പിടിയിലായ അതീഖുറഹ്മാൻ (38), വാസിം അഹമ്മദ് (31) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ഇവരെ വിശദ ചോദ്യംചെയ്യലിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇരുസംഘങ്ങളും തമ്മിൽ പരസ്പരം ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം.
കൊച്ചിയിലെ മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട് മുംബൈയിലെ കടകളിൽ വ്യാപക പരിശോധന നടന്നു. നൂറോളം കടകളിലാണ് ഉദ്യോഗസ്ഥരെത്തി നൂറുകണക്കിന് ഫോണുകൾ പരിശോധിച്ചത്. മുംബൈ സംഘത്തിൽനിന്ന് ആകെ മൂന്ന് ഫോണുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ളവ എവിടെയെന്ന് കണ്ടെത്തുന്നതിനായിരുന്നു പരിശോധന. മോഷ്ടിച്ച മൊബൈലുകൾ മുംബൈയിലെയും ഡൽഹിയിലെയും വിൽപനകേന്ദ്രങ്ങളിൽ വിറ്റിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ആറിന് കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ പരിപാടിക്കിടെയാണ് ഐഫോണുകളടക്കം 39 മൊബൈൽ ഫോണുകൾ മോഷണം പോയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് മുംബൈ, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.