റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റം: പരാതിപ്രവാഹവുമായി ജീവനക്കാർ
text_fieldsകാക്കനാട്: ജില്ലയിൽ വില്ലേജ് ഓഫിസർമാരെ കൂട്ടമായി സ്ഥലം മാറ്റിയ റവന്യൂവകുപ്പ് നടപടിക്കെതിരെ പരാതിപ്രവാഹം. ഓൺലൈൻ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമനങ്ങൾ നടത്തിയതെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ പരാതി. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് അതത് ജില്ലകളിൽനിന്ന് സ്ഥലംമാറ്റത്തെ തുടർന്ന് പുറത്തു പോകേണ്ടി വന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകണമെന്നാണ് ചട്ടം. എന്നാൽ, ഇതിനെ കാറ്റിൽപറത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സ്ഥലംമാറ്റ ഉത്തരവ് എന്നാണ് ആരോപണം. ജില്ലയിൽ വില്ലേജ് ഓഫിസർ തസ്തികയിലേക്ക് 32 പേരെയും ഇതിനു സമാന ഗ്രേഡിലെ ഹെഡ് ക്ലർക്ക്, റവന്യൂ ഇൻസ്പെക്ടർ തസ്തികകളിലേക്ക് യഥാക്രമം മൂന്ന്, ഏഴ് ജീവനക്കാരെ വീതവുമാണ് കഴിഞ്ഞ ദിവസം നിയമിച്ചത്. വ്യാഴാഴ്ച പുറത്തിറങ്ങിയ ലിസ്റ്റിലുള്ള 42 പേരിൽ ഭരണസൗകര്യാർഥം സ്ഥലംമാറ്റം ലഭിച്ചത് 18 പേർക്ക് മാത്രമാണ്. എന്നാൽ, മറ്റു ജില്ലകളിൽ സ്പെഷൽ വില്ലേജ് ഓഫിസർ, സീനിയർ ക്ലർക്ക് തസ്തികയിലുണ്ടായിരുന്ന 24 പേരെ സ്ഥാനക്കയറ്റത്തോടൊപ്പം ജില്ലയിലെ വിവിധ വില്ലേജുകളിലേക്ക് നിയമിക്കുകകൂടി ചെയ്തതാണ് ഉദ്യോഗസ്ഥരുടെ പരാതിക്ക് കാരണം.
വില്ലേജ് ഓഫിസർ തസ്തികയിൽതന്നെ സ്ഥലംമാറ്റത്തെ തുടർന്ന് എറണാകുളത്തിന് പുറത്ത് ജോലി ചെയ്യുന്ന 58 പേർ ഉണ്ടെന്നിരിക്കെ ഇവരെ പരിഗണിക്കാതെ ഇത്രയധികം ഒഴിവുകൾ പ്രമോഷൻ വഴി നികത്തിയതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ജില്ലയിൽ മാത്രം ഇരുനൂറിലധികം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ മറ്റുജില്ലകളിൽ കുടുങ്ങിക്കിടക്കുന്നതെന്ന് ഇവർ വ്യക്തമാക്കി.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യമാക്കുന്നതിെൻറ ഭാഗമായി 2017 ജൂലൈ 25ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ ആരംഭിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയത്. എന്നാൽ, 2021 ജൂണിലാണ് റവന്യൂ വകുപ്പ് ഇതിന് നടപടി ആരംഭിച്ചത്. അതിനു പിന്നാലെ പുതിയ രീതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണലിൽ പരാതികൾ ലഭിച്ചതോടെ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ നിർത്തിവെക്കുകയായിരുന്നു. ഇതോടെ നിരവധി പേരാണ് വെട്ടിലായതെന്ന് ജീവനക്കാർ പറയുന്നു. കേസിൽ ഇനിയും വിധി വരാത്തതിനാൽ ജില്ലക്ക് പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ചവർക്ക് മുൻഗണന നൽകണമെന്ന ചട്ടത്തിന് സാധുത ഇല്ലാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.