നവീകരണം പൂർത്തിയായിട്ട് എട്ടു മാസം, മട്ടാഞ്ചേരി ബോട്ട് ജെട്ടി എന്നുതുറക്കും?
text_fieldsമട്ടാഞ്ചേരി: എട്ടുമാസം മുമ്പ് നവീകരണംപൂർത്തിയായിട്ടും മട്ടാഞ്ചേരി ബോട്ട് ജെട്ടി എന്നു തുറക്കുമെന്ന് അധികൃതർക്ക് നിശ്ചയമില്ല. ജെട്ടിയിലേക്ക് ബോട്ട് അടുക്കുന്നതിന് തടസ്സമായ എക്കൽ നീക്കം ചെയ്യുന്നത് പ്രതിസന്ധിയായി തുടരുന്നതാണ് പ്രധാനകാരണം. 2018 ലാണ് പ്രളയത്തെ തുടർന്ന് ജെട്ടിയിൽ നിന്നുള്ള സർവിസ് പുർണ്ണമായി നിർത്തലാക്കിയത്. രാജ്യത്തെ ആദ്യ ബോട്ട് ജെട്ടികളിലൊന്നായ മട്ടാഞ്ചേരി നാലു വർഷമായി അടഞ്ഞുകിടക്കുകയാണ്. ഒരു കോടിയോളം രൂപ ചെലവിലാണ് ജെട്ടി നവീകരണം നടന്നത്. എക്കൽ നിക്കത്തിന് അഞ്ചു കോടി രുപയാണ് കരാർ തുക. 2022 ഏപ്രിലിൽ ചെളി നീക്കൽ പ്രവർത്തനം തുടങ്ങിയെങ്കിലും ചെളി നിക്ഷേപിക്കുന്ന സ്ഥലത്തെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടായി.
ഇതേത്തുടർന്ന് ഡ്രഡ്ജിങ്ങ് നിറുത്തിവെച്ചു. പിന്നീട് നീക്കംചെയ്യുന്ന ചെളി പുറം കടലിൽ നിക്ഷേപിക്കാൻ തീരുമാനമായെങ്കിലും കാലാവസ്ഥ മാറ്റവും ചില സാങ്കേതിക പ്രശ്നങ്ങളും വീണ്ടും കാലതാമസത്തിനിടയാക്കി. ചരിത്ര പൈതൃക പ്രാധാന്യമുള്ള മട്ടാഞ്ചേരി കൊട്ടാരം, സിനഗോഗ് തുടങ്ങിയ സ്മാരകങ്ങൾക്ക് തൊട്ടുസമീപമാണ് ജെട്ടി. മലഞ്ചരക്ക് വിപണിയായ ജൂത തെരുവും ജെട്ടിയോട് ചേർന്നു കിടക്കുന്നു. യാത്രക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ജെട്ടിയാണ് മട്ടാഞ്ചേരി. 2018ൽ പ്രളയത്തെ തുടർന്ന് പൂട്ടിയ ജെട്ടി ഏറെ ജനകീയ സമരങ്ങൾക്കൊടുവിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജെട്ടി നിർമാണം പൂർത്തിയായപ്പോഴാകട്ടെ ഉദ്ഘാടനവും അനന്തമായി നീളുന്നു. ജെട്ടി തുറക്കാൻ പുതിയ സമരമുറകൾ തുടക്കം കുറിക്കാനാരംഭിച്ചിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.