മട്ടാഞ്ചേരി ബോട്ട് ജെട്ടി നവീകരണം ഡ്രഡ്ജിങിൽ കൃത്രിമം; നാട്ടുകാർ ജോലികൾ തടഞ്ഞു
text_fieldsമട്ടാഞ്ചേരി: കായലിൽനിന്ന് കോരിയെടുക്കുന്ന ചളി കായലിൽതന്നെ കലക്കി കളയുന്ന കരാറുകാരന്റെ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. മട്ടാഞ്ചേരി ബോട്ട് ജെട്ടി നവീകരണഭാഗമായാണ് ജെട്ടിയോട് ചേർന്നുള്ള ഭാഗത്ത് ആഴം കൂട്ടുന്നതിനായി ഡ്രഡ്ജിങ് നടപടികൾ ആരംഭിച്ചത്. കരാർ പ്രകാരം ജെട്ടിയുടെ പരിധിയിൽ നിന്ന് കോരിയെടുക്കുന്ന ചളി ബാർജിൽ കയറ്റി ദൂരെ കളയണമെന്നാണ്. എന്നാൽ ബാർജില്ലാതെ രണ്ട് േഫ്ലാട്ടിംഗ് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് ചളി കോരിയെടുത്ത് കായലിൽ തന്നെ ഒരിടത്തുനിന്ന് കോരി മറുഭാഗത്ത് കലക്കി കളയുന്ന രീതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നത്.
ഇത് കണ്ടെത്തിയ നാട്ടുകാരാണ് ജനകീയ സമിതി കൺവീനർ എ. ജലാലിന്റെ നേതൃത്വത്തിൽ പ്രവൃത്തികൾ തടഞ്ഞത്. തുടർന്ന് കരാറുകാരന്റെ പ്രതിനിധിയെത്തി നാട്ടുകാരുമായി സംസാരിച്ചു. ബുധനാഴ്ച മുതൽ കോരിയെടുക്കുന്ന ചളി കളയാൻ ബാർജ് കൊണ്ടുവരുമെന്ന് ഉറപ്പ് നൽകുകയായിരുന്നു.
ആറ് വർഷത്തോളമായി മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ നിന്നുള്ള സർവിസ് നിലച്ചിരിക്കുകയാണ്. ഇതിനിടെയാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇഴഞ്ഞുനീങ്ങിയ ജെട്ടിയുടെ നവീകരണം പൂർത്തീകരിച്ചിട്ട് ആറുമാസത്തോളം കഴിഞ്ഞെങ്കിലും ജെട്ടിക്ക് സമീപം എക്കലും ചെളിയും അടിഞ്ഞതിനാൽ ബോട്ട് അടുപ്പിക്കാനാവാത്ത അവസ്ഥയായിരുന്നു. ഇതിന് പരിഹാരമായാണ് ഡ്രഡ്ജിങിന് നടപടി തുടങ്ങിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.