മട്ടാഞ്ചേരി മെട്രോ വാട്ടർ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു
text_fieldsമട്ടാഞ്ചേരി: മട്ടാഞ്ചേരി ജലമെട്രോ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു. കോടതി ഇടപെടലിനെ തുടർന്ന് സെപ്റ്റംബർ മാസം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ ജെട്ടി ഡിസംബറിൽ പുർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ആദ്യ നിർമാണ പട്ടികയിൽ ഇടം പിടിച്ച മെട്രോ ജെട്ടി നിർമാണം കരാറുകാരന്റെ നടപടികളെ തുടർന്ന് അനന്തമായി നീണ്ടു. നാട്ടുകാർ സമരങ്ങൾ നടത്തി മടുത്തതോടെ കോടതിയെ സമീപിച്ചു. തുടർന്നാണ് ജെട്ടി നിർമാണം വേഗത്തിലായത്. എന്നാൽ സെപ്റ്റംബറിൽ പൂർത്തീകരിക്കാനാകുമെന്ന പ്രഖ്യാപനം വീണ്ടും പാളി. പുതുവത്സര സമ്മാനമായി ജെട്ടി നാട്ടുകാർക്ക് സമർപ്പിക്കാനാകുമെന്നാണ് നിലവിലെ പ്രതീക്ഷ.
എന്നാൽ, ജെട്ടി നിർമാണം പൂർത്തിയായാലും സർവിസ് തുടങ്ങണമെങ്കിൽ കായലിലെ ഏക്കൽ നീക്കം പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ജല മെട്രോ പദ്ധതി യാഥാർഥ്യമാകുന്നതോടെ നിരവധി വിദേശ- ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നും ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ കഴിയുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആദ്യ കരാർ പ്രകാരം 2020 ഡിസംബർ 26ന് പൂർത്തീകരിക്കേണ്ട ജെട്ടി നിർമാണമാണ് അനന്തമായി നീളുന്നത്. ജല മെട്രോ ജെട്ടി സർവീസ് പ്രാരംഭ ഘട്ടത്തിൽ പ്രഖ്യാപിച്ച ഏഴ് ജെട്ടികളിൽ ഒന്നായിരുന്നു മട്ടാഞ്ചേരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.