മെട്രോ പണി; ശ്വാസംമുട്ടി ഇടറോഡുകളും...
text_fieldsകൊച്ചി: ഇന്നത്തെ ദുരിതം, നാളത്തെ ആശ്വാസം എന്ന ടാഗ് ലൈനോടെ കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ഈ പ്രയോഗത്തിലെ ആദ്യഭാഗം അക്ഷരാർഥത്തിൽ യാഥാർഥ്യമാവുകയാണ്. കാക്കനാട്ടുനിന്നു എറണാകുളത്തേക്കുള്ള പ്രധാന പാത വരുന്ന സിവിൽ ലൈൻ റോഡിലെ മെട്രോ പ്രവൃത്തിയിൽ നാട്ടുകാരും യാത്രക്കാരും ഒന്നാകെ ദുരിതത്തിലാണ്. പ്രധാന റോഡ് മാത്രമല്ല, കാക്കനാടിനെയും കൊച്ചി നഗരത്തെയും ബന്ധിപ്പിക്കുന്ന ഇടറോഡുകളെല്ലാം കുരുക്കിന്റെ പിടിയിലമരുമ്പോൾ എത്രയും പെട്ടെന്ന് ഈ പണിയൊന്ന് തീർന്നുകിട്ടിയിരുന്നെങ്കിൽ എന്നാണ് സ്ഥിരം യാത്രക്കാരുടെ പ്രാർഥന. രാവിലെ ഒമ്പതിനും പത്തിനും ഇടയിലും വൈകീട്ട് നാലു മുതൽ ഏഴര വരെയുമാണ് ഈ റോഡുകളിൽ കുരുക്ക് മുറുകുന്നത്. സിവിൽ ലൈൻ റോഡിൽ വാഴക്കാല, ചെമ്പുമുക്ക് ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങളടക്കം ഏറെനേരം റോഡിൽ കുടുങ്ങുന്ന അവസ്ഥയുണ്ട്.
എങ്ങനെ പോയാലും കുരുക്ക്...
കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശിച്ച ബദൽ റൂട്ടുകളിലെല്ലാം വാഹനങ്ങളുടെ കുരുക്കാണ്.
പ്രധാന കാരണം ഈ റോഡുകൾക്കൊന്നും നിരവധി വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള വീതിയില്ലെന്നതുതന്നെ. എറണാകുളം ഭാഗത്തുനിന്ന് കാക്കനാട്ടേക്കും സീപോർട്ട്-എയർപോർട്ട് റോഡിലേക്കും പോവാനുള്ള ബദൽ റൂട്ടുകളിലൊന്നാണ് മാമംഗലം, അഞ്ചുമന, പൈപ്പ് ലൈൻ റോഡ്, തോപ്പിൽ ജങ്ഷൻ, മേരിമാത റോഡ്, ഇല്ലത്തുമുഗൾ-മരോട്ടിചോട് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷൻ, ഒലിമുഗൾ ജങ്ഷൻ എന്ന വഴി.
കൂടാതെ ഇടപ്പള്ളി ബൈപാസ് ജങ്ഷനിൽനിന്നും മരോട്ടിചോട് റോഡിലൂടെ തോപ്പിൽ ജങ്ഷനിൽ എത്തി മേരിമാത റോഡ്, ഇല്ലത്തുമുഗൾ-മരോട്ടിചോട് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷൻ, ഭാരത മാത കോളജ് വഴിയും സീപോർട്ട്-എയർപോർട്ട് റോഡിലേക്കെത്താം.
ഇതുകൂടാതെ പാലാരിവട്ടത്തുനിന്ന് പൈപ് ലൈൻ റോഡ് വഴി കയറിയാലും കെന്നഡിമുക്ക്, മേരിമാത റോഡ് വഴി കാക്കനാട്ടെത്താം. കാക്കനാട്ടേക്ക് പോവുമ്പോൾ സിവിൽ ലൈൻ റോഡിന് ഇടത്തുള്ള റോഡുകളാണിവ.
ഇതുകൂടാതെ എറണാകുളം എം.ജി റോഡിൽനിന്ന് സിവിൽ ലൈൻ റോഡിൽ തൊടാതെ കാക്കനാടെത്താൻ വേറെയും റോഡുകളുണ്ട്.
എം.ജി റോഡ്, വൈറ്റില, കലൂർ, കതൃക്കടവ് ഭാഗങ്ങളിൽനിന്ന് പുല്ലേപ്പടി, തമ്മനം, പുതിയറോഡ്, തൈക്കാവ്, വെണ്ണല വഴിയും കൂടാതെ ചക്കരപ്പറമ്പ്, വെണ്ണല വഴിയും ശ്രീകല റോഡ്, ലെനിൻ സെന്റർ വഴി വീ ഗാർഡ് ജങ്ഷൻ എത്തി പാലച്ചുവട് വഴി ഈച്ചമുക്കിലേക്കും ഈച്ചമുക്ക് വഴി സീപോർട്ട്-എയർപോർട്ട് റോഡിലേക്കും തുതിയൂർ വഴി ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വഴിയും യാത്ര ചെയ്യാനുള്ള റൂട്ടുകളാണ് ഇവ. നിലവിൽ പ്രധാന റോഡിലെ ഗതാഗതക്കുരുക്കും വാഹന പെരുപ്പവും ഈ റോഡുകളെയെല്ലാം ബാധിച്ച സ്ഥിതിയാണുള്ളത്. പൈപ്പ് ലൈൻ റോഡിന്റെ ചില വശങ്ങളിൽ മണിക്കൂറുകളോളം നീളുന്ന കുരുക്കു കാണാം.
ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡുകളിലൂടെ രാവിലെയും വൈകീട്ടും എറണാകുളം-കാക്കനാട് റൂട്ടിൽ വരുന്നത്.
മുന്നൊരുക്കത്തിൽ വീഴ്ചയോ...
കാക്കനാടുനിന്നുള്ളവർ മാത്രമല്ല, പെരുമ്പാവൂർ, മൂവാറ്റുപുഴ, കിഴക്കമ്പലം, പള്ളിക്കര ഭാഗങ്ങളിൽനിന്നുള്ള അസഖ്യം യാത്രക്കാരും എറണാകുളം നഗരത്തിലേക്കെത്താൻ സിവിൽ ലൈൻ റോഡിന് ബദലായ ഇടറോഡുകളെ ആശ്രയിക്കുന്നുണ്ട്. കൊച്ചി നഗരത്തിൽനിന്നാണെങ്കിൽ ഇൻഫോ പാർക്കിലേക്കും സിവിൽ സ്റ്റേഷനിലേക്കും ജില്ല ആസ്ഥാനത്തുള്ള എണ്ണമറ്റ സ്വകാര്യ കമ്പനികളിലേക്കുമായി യാത്ര ചെയ്യുന്ന നൂറുകണക്കിനാളുകൾ വേറെയുമുണ്ട്. എന്നാൽ, ഈ വാഹന-ജനബാഹുല്യം മുന്നിൽ കാണാതെയുള്ള പ്രവർത്തനങ്ങളാണ് കൊച്ചി മെട്രോയുടെ ഭാഗത്തുനിന്നുണ്ടായത്. ഒന്നാംഘട്ട പ്രവൃത്തിയുടെ മുന്നൊരുക്കമെന്നോണം കൊച്ചി നഗരത്തിലെയും സമീപത്തെയും നിരവധി റോഡുകൾ കോടികൾ മുടക്കി ബി.എം ബി.സി നിലവാരത്തിൽ നവീകരിച്ചിരുന്നു.
ഇത് കുരുക്ക് രൂക്ഷമാക്കാൻ ഇടയാക്കിയെന്നും ഉമ തോമസ് എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികൾ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മെട്രോ പ്രവൃത്തിയുടെ മുന്നൊരുക്കമില്ലായ്മയില് ഗതാഗതം വഴിമുട്ടിയ തൃക്കാക്കരയിലെ പൊതുജനം കെ.എം.ആർ.എല്ലിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. മുന്നൊരുക്കത്തിലെ വീഴ്ച ഉമ തോമസ് എം.എൽ.എ പലതവണ ചൂണ്ടിക്കാട്ടുകയും കത്ത് നൽകുകയും ചെയ്തിരുന്നു. കാക്കനാട്ടേക്കും എറണാകുളത്തേക്കുമുള്ള സൂചന ബോർഡുകൾ സ്ഥാപിക്കുക മാത്രമാണ് ഇടറോഡുകളിൽ അധികൃതർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.