മെട്രോ യാത്രക്കാരെ സഹായിക്കാൻ 'മിക'
text_fieldsകൊച്ചി: മെട്രോ സ്റ്റേഷനിലെത്തുന്ന ആളുകൾക്ക് യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ ഒരാൾ കൂടി എത്തുന്നു. എവിടെനിന്ന് ടിക്കറ്റെടുക്കണം, ഓരോ സ്റ്റേഷനിലേക്കും ടിക്കറ്റ് ചാർജ് എത്രയാകും തുടങ്ങി വിവിധ കൗണ്ടറുകളും ലിഫ്റ്റ്, എസ്കലേറ്റർ സംവിധാനങ്ങളുമൊക്കെ പരിചയപ്പെടുത്താൻ 'മിക' എന്ന് പേരിട്ടിരിക്കുന്ന റോബോട്ടാണ് എത്തുക. അങ്കമാലി ഫിസാറ്റ് കോളജിലെ ബി. ടെക് വിദ്യാർഥികൾ കൊച്ചി മെട്രോക്ക് വേണ്ടി നിർമിച്ചതാണ് റോബോട്ട്.
എറണാകുളം ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിനോടനുബന്ധിച്ച എക്സിബിഷനിൽ പ്രദർശിപ്പിച്ച മികയെ കാണാൻ നിരവധിയാളുകളാണ് എത്തിയത്. മെട്രോ സ്റ്റേഷനിലെ ഏതെങ്കിലും കൗണ്ടറുകളോ മറ്റ് സംവിധാനങ്ങളോ എവിടെയാണെന്ന് ചോദിക്കുന്നവർക്ക് കൃത്യമായി മറുപടി നൽകുമെന്ന് മാത്രമല്ല, വേണ്ടിവന്നാൽ മിക്ക ഒപ്പമെത്തി സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്യും. നിലവിൽ ഒരു റോബോട്ടാണ് ഫിസാറ്റ് വിദ്യാർഥികൾ നിർമിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഇതുവരെയുള്ള നിർമാണം. കൂടുതൽ നൂതന സംവിധാനങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാർഥി പ്രതിനിധികൾ വ്യക്തമാക്കി. ആളുകളോട് പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തതോടെ എക്സിബിഷനിലെ താരമായി മാറിയിരിക്കുകയാണ് മിക. നിലവിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങളോട് മാത്രമെ മിക പ്രതികരിക്കുകയുള്ളൂ.
മലയാള ഭാഷ കൂടെ മനസ്സിലാക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരികയാണെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മലയാളികളുടെ വ്യത്യസ്ത ഭാഷ ശൈലി ഉൾപ്പെടെ പരിശീലിപ്പിക്കാനാണ് പദ്ധതിയെന്നും അവർ വ്യക്തമാക്കി. എക്സിബിഷനോട് അനുബന്ധിച്ച് കൊച്ചി മെട്രോ, ജലമെട്രോ, ഡൽഹി മെട്രോ, ബംഗളൂരു മെട്രോ, ചെന്നൈ മെട്രോ, കേരള മോട്ടോർവെഹിക്കിൾ ഡിപ്പാർട്മെന്റെ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.