മഹാരാജാസ് സിന്തറ്റിക് ട്രാക്കും ഹോക്കി ഗ്രൗണ്ടും ഉടൻ നന്നാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
text_fieldsകൊച്ചി: മഹാരാജാസ് കോളജിലെ പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കും ചെളിക്കുണ്ടായ ഹോക്കി ഗ്രൗണ്ടും ഉടൻ നന്നാക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. ഇതിനായി തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. ഗ്രൗണ്ടിെൻറ വീണ്ടെടുപ്പിന് ഏഴുകോടി രൂപ സ്പോർട്സ് കൗൺസിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കായികപ്രേമികളുടെ ഏറെ വിമർശനത്തിന് കാരണമായ ഗ്രൗണ്ട് വിഷയം പരിശോധിക്കാൻ എത്തിയ മന്ത്രി സിന്തറ്റിക് ട്രാക്ക് ചുറ്റി നടന്നു കണ്ടു. ഇതിനിടെ മഹാരാജാസ് പൂർവ വിദ്യാർഥി അസോസിയേഷനെ പ്രതിനിധാനംചെയ്ത് സി.ഐ.സി.സി ജയചന്ദ്രൻ മന്ത്രിക്ക് നിവേദനം നൽകി. ഒപ്പം ഹോക്കി ഗ്രൗണ്ടിെൻറ ശോച്യാവസ്ഥ മൂലം പരിശീലനം നടത്താനാകുന്നില്ലെന്ന് എം.ജി സർവകലാശാല താരങ്ങളായ ആഷ്ലി ജോസഫും വില്യം പോളും മന്ത്രിക്ക് മുന്നിൽ പരാതിയുമായി എത്തി. ജില്ലയുടെ കായിക വികസനത്തിന് പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ വനിത ഫുട്ബാൾ അക്കാദമി തുടങ്ങുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി.
കായിക യുവജന ക്ഷേമ വകുപ്പിെൻറ പ്രാദേശിക ഓഫിസ് കൊച്ചിയിൽ തുടങ്ങും. ഇതിന് സ്ഥലം കണ്ടെത്താൻ മേയറെ ചുമതലപ്പെടുത്തി. ജില്ല സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത എല്ലാ കായിക സംഘടനകളുടെയും യോഗം ഉടൻ ചേരണമെന്ന് മന്ത്രി നിർദേശിച്ചു.
സ്കൂൾ പ്രൈമറി തലം മുതൽ കോളജ് വരെ വിദ്യാർഥികളുടെ കായികക്ഷമത വികസനത്തിന് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൂടിയായ പി.വി. ശ്രീനിജിൻ എം.എൽ.എ, മേയർ എം. അനിൽകുമാർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സി കുട്ടൻ എന്നിവരും പങ്കെടുത്തു.
വിട്ടുനൽകിയ സ്ഥലത്തിന് നഷ്ടപരിഹാരം: ഇടപെടാമെന്ന് മന്ത്രി
മെട്രോ നിർമാണത്തിന് വേണ്ടി വിട്ടുനൽകിയ മഹാരാജാസ് കോളജ് ഗ്രൗണ്ടിന് പ്രഖ്യാപിച്ച നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് മന്ത്രി വി. അബ്ദുറഹ്മാെൻറ ഉറപ്പ്. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷനാണ് ഇതുസംബന്ധിച്ച നിവേദനം നൽകിയത്. 2014 മാർച്ചിലാണ് പതിനാറര സെൻറ് സ്ഥലം കെ.എം.ആർ.എൽ ഏറ്റെടുത്തത്. ഇതിന് നഷ്ടപരിഹാരമായി 8.80 കോടി രൂപ പി.ഡബ്യു.ഡിക്ക് കൈമാറുമെന്നായിരുന്നു ധാരണ.
കോളജിന് വനിത ഹോസ്റ്റൽ, പുരുഷ ഹോസ്റ്റൽ അറ്റകുറ്റപ്പണി, ആസ്ട്രോ ടർഫ് ഹോക്കി ഗ്രൗണ്ട് നിർമാണം എന്നിവക്കായി തുക ചെലവഴിക്കുമെന്ന് അന്ന് തീരുമാനിച്ചിരുന്നു. ഈ ഫണ്ട് ഇതുവരെ കോളജിന് ലഭിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ.എം.ആർ.എൽ സംസ്ഥാന സർക്കാറുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന അവകാശവാദം തെറ്റാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.