മൂന്നു മാസം പിന്നിട്ട് മന്ത്രിയുടെ സന്ദർശനം; മാറ്റമില്ലാതെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
text_fieldsകൊച്ചി: ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്ന് അറിയിച്ച് മൂന്നു മാസം പിന്നിട്ടിട്ടും എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പണികളൊന്നും തുടങ്ങിയിട്ടില്ല. ഇപ്പോഴും പതിവ് പരാധീനതകളിൽ തുടരുകയാണിവിടം. ബസ് സ്റ്റാൻഡിന്റെ തറനിരപ്പ് ഉയർത്തിയും തോടിനു സമീപം കോൺക്രീറ്റ് ഭിത്തി നിർമിച്ചും അടിയന്തിര പരിഹാരം കാണുമെന്നായിരുന്നു കഴിഞ്ഞ ജൂൺ 22ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉൾപ്പെട്ട സംഘം സന്ദർശന ശേഷം വ്യക്തമാക്കിയത്. എന്നാൽ ഇനിയും നിർമാണമൊന്നും ആരംഭിച്ചിട്ടില്ല. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന മറുപടി. ശക്തമായ മഴ മാറി നിൽക്കുന്നതിനാൽ സമീപദിവസങ്ങളിലൊന്നും വെള്ളക്കെട്ടിന്റെ ദുരിതമുണ്ടായിട്ടില്ല. എന്നാൽ മഴ വീണ്ടും വ്യാപകമായാൽ പതിവ് സ്ഥിതി ആവർത്തിക്കുമെന്നതിൽ ജീവനക്കാർക്കോ യാത്രക്കാർക്കോ തർക്കമില്ല.
മഴ പെയ്യുമ്പോൾ സ്റ്റാൻഡിനുള്ളിൽ വെള്ളം നിറയുകയും ബസുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാകാറുമുണ്ട്. യാത്രക്കാർക്കുള്ള ഇരിപ്പിടം ഇപ്പോഴും നശിച്ച് തന്നെ കിടക്കുന്നു. മലിനജലമൊഴുകിയും ദുർഗന്ധം വമിച്ചും കിടക്കുന്നതിനാൽ ശുചിമുറി പരിസരത്തേക്ക് കടക്കാൻ തന്നെ പ്രയാസമാണെന്ന് യാത്രക്കാർ പറഞ്ഞു. കെട്ടിടത്തിന്റെയും ഗാരേജിന്റെയും പുതിയ ബസ് സ്റ്റാൻഡിനായി കണ്ടെത്തിയിട്ടുള്ള കാരിക്കാമുറിയിലെ സ്ഥലത്തിന്റെയും സ്ഥിതിക്ക് മാറ്റമില്ല.
25,000ത്തോളം പേരെത്തുന്ന സ്റ്റാൻഡ്
ഒരു ദിവസം ഏകദേശം 89 ബസുകൾ ഓപ്പറേറ്റ് ചെയ്യുകയും 479 ബസുകൾ വന്നു പോകുകയും ചെയ്യുന്ന സ്റ്റാൻഡിൽ 940ഓളം ട്രിപ്പുണ്ട്. ദിനംപ്രതി 25000ത്തോളം പേരെത്തുന്ന എറണാകുളം സ്റ്റാൻഡിൽ ഒരു മഴ പെയ്താൽ വെള്ളം കയറും. മഴക്കാലത്തും അല്ലാത്തപ്പോഴും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ വിമർശനമേൽക്കേണ്ടി വരുന്ന സ്ഥലമാണിത്.
പദ്ധതികളിങ്ങനെ...
തറനിരപ്പ് ഉയർത്തിയും പെയ്ത്തുവെള്ളം ഓടകളിലേക്ക് എത്തിച്ചും ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുന്നതാണ് മൂന്ന് മാസം മുമ്പ് മന്ത്രി അറിയിച്ച അടിയന്തിര പദ്ധതി. തോട്ടിൽ നിന്നുള്ള മലിന ജലം സ്റ്റാൻഡ് പരിസരത്തേക്ക് കയറാതെ തടഞ്ഞുനിർത്താൻ മൂന്നടിയോളം ഉയരത്തില് കോണ്ക്രീറ്റ് ഭിത്തിയാണ് നിർമിക്കുക. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ തറ നിരപ്പ് ഉയർത്തുന്നതിലൂടെ വെള്ളം അകത്തു കയറുന്നത് തടയാനാകും.
ടി.പി കനാലിലേക്ക് വലിയ പൈപ്പ് സ്ഥാപിച്ച് റെയിൽവെ ട്രാക്കിനപ്പുറത്തേക്ക് കലുങ്കിനടിയിലൂടെ വെള്ളം ഒഴുക്കിവിടാനുള്ള ആലോചനയുമുണ്ടായിരുന്നു. ഇതിനു പുറമെ, പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പണിയാനുള്ള പദ്ധതിയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്മാർട്ട് സിറ്റി മിഷനുമായി ചേർന്ന് മൊബിലിറ്റി ഹബ് മാതൃകയിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
58 ലക്ഷം അനുവദിച്ചു -ടി.ജെ. വിനോദ് എം.എൽ.എ
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ നിർമാണ പ്രവർത്തനങ്ങൾക്ക് തന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 58 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിക്കേണ്ടതുണ്ട്.
ഭരണാനുമതി ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത മാസം ഏഴിന് മന്ത്രി തിരുവനന്തപുരത്ത് ഒരു യോഗം വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 12 കോടിയുടെ പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.