മൊബൈൽ ടെസ്റ്റിങ് ലാബ് പ്രവർത്തനം തുടങ്ങിയില്ല; കോർപറേഷൻ സി.എസ്.ആർ ഫണ്ടുകൾപോലും നശിപ്പിക്കുന്നു -പ്രതിപക്ഷം
text_fieldsകൊച്ചി: നഗരത്തിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്റെ സി.എസ്.ആർ ഫണ്ടായ 41 ലക്ഷം രൂപ ചെലവാക്കി നിർമിച്ച മൊബൈൽ ടെസ്റ്റിങ് ലാബ് പ്രവർത്തനം മാസങ്ങളായിട്ടും തുടങ്ങാത്തതിൽ കോർപറേഷനെതിരെ പ്രതിപക്ഷം.
വാഹനം ജനുവരിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവർത്തിക്കാത്തത് കോർപറേഷന്റെ കാര്യപ്രാപ്തി ഇല്ലായ്മയും ഭരണസമിതിയുടെ പരാജയവുമാണ്. സി.എസ്.ആർ ഫണ്ടുകൾപോലും ഫലപ്രദമായി ചെലവഴിക്കാനാവാത്ത മേയർ സാമ്പത്തിക പ്രതിസന്ധി എന്ന് പറയുന്നത് ഭരണപരാജയം ആണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.
ആഴ്ചയിൽ ഒരിക്കൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽനിന്ന് സേവനം ലഭ്യമാക്കുമെന്നും മത്സ്യമാർക്കറ്റുകളുടെ പരിശോധനക്ക് ഫിഷറീസ് ഇൻസ്പെക്ടറുടെ സേവനം ലഭ്യമാക്കും എന്നും പറഞ്ഞ മേയർ ഓഫിസറെ ലഭ്യമാക്കാൻ ഫുഡ് സേഫ്റ്റി കമീഷണർക്ക് ഒരു കത്തുപോലും നൽകിയിട്ടില്ല.
ഇങ്ങനെപോയാൽ അധികം വൈകാതെ ഈ വാഹനം തുരുമ്പുകയറി നശിക്കുന്ന സാഹചര്യം ഉണ്ടാകും.
നഗരസഭക്ക് പ്രവർത്തിക്കാൻ കഴിയില്ലെങ്കിൽ ലാബ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി ഉപയോഗപ്രദമാക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. സർക്കാർ ഫീസിൽ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഫുഡ് സാമ്പിളും കുടിവെള്ളവും പരിശോധിക്കാനുള്ള അവസരമാണ് ഇതുകൊണ്ട് നഷ്ടപ്പെടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.