മൂലമ്പിള്ളി: കുടിയിറക്കലിന് നാളെ 14 വർഷം
text_fields-കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയിൽ നിന്നും സമീപ പ്രദേശങ്ങളിൽനിന്നും 316 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിട്ട് ഞായറാഴ്ച 14 വർഷം പൂർത്തിയാകും.
നീണ്ടകാലത്തിനൊടുവിലും പുനരധിവാസം പാതിവഴിയിൽതന്നെ. 2008 ഫെബ്രുവരി ആറിനാണ് മൂലമ്പിള്ളി, മുളവുകാട്, കോതാട്, വടുതല, ഏലൂർ, മഞ്ഞുമ്മൽ, ഇടപ്പള്ളി, എളമക്കര, ചേരാനല്ലൂർ, കളമശ്ശേരി എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങളെ ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടിൽനിന്ന് ഇറക്കിവിടപ്പെട്ടത്. മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ച് എറണാകുളം മേനകയിൽ ദിവസങ്ങളോളം നടത്തിയ ജനകീയ പ്രക്ഷോഭത്തിനൊടുവിൽ 2008 മാർച്ച് 19ന് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പറഞ്ഞതൊന്നും അതേ അർഥത്തിൽ നടപ്പായിട്ടില്ല.
316ൽ 50ൽ താഴെ കുടുംബങ്ങൾക്കാണ് അനുവദിക്കപ്പെട്ട ഭൂമിയിൽ വീടുവെക്കാനായത്. വാടക തുക നേരത്തേ കിട്ടിയിരുന്നെങ്കിലും വർഷങ്ങളായി അതും നിലച്ചു. 150ഓളം പേർ ഉയർന്ന വാടക കൊടുത്തും പണയത്തിലുമാണ് താമസം. ശേഷിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളും താൽക്കാലിക സംവിധാനങ്ങളിലും വാടകക്കെട്ടിടങ്ങളിലും പണയത്തിന് എടുത്ത് വീടുകളിലും ജീവിതം തള്ളിനീക്കുകയാണ്. ഭൂമി വാസയോഗ്യമാക്കി വീടുപണിയാൻ ലക്ഷങ്ങൾ ചെലവു വരുന്നിടത്ത് പലർക്കും ലഭിച്ചത് നാമമാത്ര തുക മാത്രം. പാക്കേജിലെ വാഗ്ദാനങ്ങളിലൊന്നായ ജോലിയൊക്കെ വെറും വാഗ്ദാനമായി ഒതുങ്ങി. പുനരധിവാസത്തിെൻറ ആനുകൂല്യങ്ങൾ ലഭിക്കാതെ ഇതിനകം 33 പേർ മരിച്ചു.
'പുനരധിവാസം അട്ടിമറിക്കപ്പെടുന്നു'
മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിന് 14 വർ ഷം പൂർത്തിയാകുന്ന വേളയിൽ പുനരധിവാസ പ്രക്രിയ നോക്കുകുത്തിയായി മാറരുത് എന്ന് കോഓഡിനേഷൻ കമ്മിറ്റിക്കുവേണ്ടി ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, പ്രഫ.കെ. അരവിന്ദാക്ഷൻ, ഫാ. പ്രശാന്ത് പാലക്കാപള്ളി, അഡ്വ. സി.ആർ. നീലകണ്ഠൻ, ഫ്രാൻസിസ് കുളത്തുങ്കൽ, വി.പി. വിൽസൺ, കെ.റെജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മൂലമ്പിള്ളിക്കാരോടുള്ള നിലപാട് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. മാത്രമല്ല, മുഴുവൻ വികസന പ്രവർത്തനങ്ങൾക്കും ഈ നിലപാട് കരിനിഴൽ വീഴ്ത്തും. കേരളത്തിെൻറ മനസ്സാക്ഷിയുടെ പിന്തുണയോടെ നേടിയെടുത്ത പാക്കേജാണ് ഇപ്പോഴത്തെ സർക്കാർ അട്ടിമറിച്ചുകൊണ്ടിരിക്കുന്നതെന്നും സമിതി ആരോപിച്ചു.
പ്രതിഷേധം ഇന്ന്
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വാർഷികദിനമായ ഫെബ്രുവരി ആറിന് നടത്തേണ്ട പ്രതിഷേധ പരിപാടി ശനിയാഴ്ച വൈകീട്ട് നാലിന് കാക്കനാട് വില്ലേജിലെ പുനരധിവാസ സൈറ്റായ കടമ്പ്രയാർ പുഴയുടെ തീരത്ത് നടക്കും.
104 കുടുംബത്തിന് അനുവദിച്ച ചതുപ്പുസ്ഥലം കെട്ടിടനിർമാണത്തിന് യോഗ്യമല്ലെന്ന് 2019ൽ പി.ഡബ്ല്യു.ഡി ജില്ല ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇവിടെ ഇതുവരെ രണ്ട് കുടുംബത്തിന് മാത്രമാണ് വീട് നിർമിക്കാൻ സാധിച്ചിട്ടുള്ളത്. ഈ കെട്ടിടങ്ങൾക്കുതന്നെ വിള്ളലും ചരിവും രൂപപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.