മൂവാറ്റുപുഴ കുടിവെള്ള പദ്ധതിക്ക് അനുമതി
text_fieldsമൂവാറ്റുപുഴ: നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പൂർണ പരിഹാരം കാണുന്നതിനും ജലവിതരണം കാര്യക്ഷമമാക്കുന്നതിനും ആയി മൂവാറ്റുപുഴ നഗരസഭ തയാറാക്കിയ ബൃഹത് പദ്ധതിക്ക് അനുമതി ലഭിച്ചു.
നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 48 ലക്ഷം രൂപ അടക്കം 6.40 കോടി രൂപയുടെ അമൃത് കുടിവെള്ള പദ്ധതിയുടെ ഡി.പി.ആര് നാണ് ഭരണാനുമതി ലഭിച്ചതെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു.
കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന പ്രധാന കുഴൽ നിരന്തരം പൊട്ടുന്നതാണ് പ്രധാന പ്രശ്നം. ഇതോടൊപ്പം ഗാർഹിക കണക്ഷനുമായി ബന്ധിപ്പിക്കുന്ന ചെറുകുഴലുകൾ കാലപ്പഴക്കം കൊണ്ട് തകരാറിലാകുന്നതും സുഗമമായ ജലവിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കാൻ വാട്ടർ അതോറിറ്റിയുടെ കാവുംപടിയിലുള്ള പമ്പിങ് കേന്ദ്രം മുതൽ കോർമലയിലെ പ്രധാന സംഭരണി, ട്രീറ്റ്മെന്റ് പ്ലാന്റ് വരെയും രണ്ട് കിലോമീറ്റർ ദൂരം പഴയ വാഹക കുഴല്‍ മാറ്റി 200 എം.എമ്മിന്റെ കാസ്റ്റ് അയണ്‍ പൈപ്പ് സ്ഥാപിക്കും. ഇതോടെ അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലിന് പരിഹാരമാകും.
ഇതിനുപുറമേ ഇനിയും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ലഭിക്കാത്ത 1500 കുടുംബങ്ങൾക്ക് പുതിയ ലൈൻ വലിച്ച് കുടിവെള്ളം ലഭ്യമാക്കും. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ലെന്ന പരാതി പരിഗണിച്ച് 18,500 മീറ്റർ ദൂരം പഴയ വിതരണ കുഴല്‍ മാറ്റി പുതിയത് സ്ഥാപിക്കും. ഇതോടെ ഉയർന്ന പ്രദേശങ്ങളായ മൈലാടിമല, പണ്ടിരിമല, വെള്ളൂർകുന്നം, തീക്കൊള്ളി പാറ, കുര്യൻ മല, ആസാദ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം സുഗമമാകും. ജി.ഐ., എ.സി, സി.ഐ. പൈപ്പുകൾ ആകും പ്രദേശങ്ങളുടെ പ്രത്യേകത അനുസരിച്ച് സ്ഥാപിക്കുക.
വാട്ടർ അതോറിറ്റി ടെൻഡർ നടപടികൾ പൂർത്തിയാക്കിയാലുടൻ നിർമാണം ആരംഭിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരമാകുമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.