കൊച്ചിയിലെ കൊതുക് നിവാരണം: രണ്ട് ലാബുകൾ തുറക്കണമെന്ന് വി.സി.ആര്.സി
text_fieldsകൊച്ചി: നഗരത്തിലെ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങൾക്ക് രണ്ട് ലാബുകൾ സ്ഥാപിക്കണമെന്ന് വെക്ടര്‍ കണ്ട്രോള് റിസര്‍ച് സെന്റർ. നഗരപരിധിയില്‍ വെക്ടര്‍ കൺട്രോള് ഓഫിസറുടെ നേതൃത്വത്തില്‍ സീനിയര്‍ എൻഡോമോളജിസ്റ്റുകള് ഉള്‍പ്പെടുന്ന വിദഗ്ധരുടെ സംഘം രൂപവത്കരിച്ച്, പ്രാദേശികമായി കൊതുകിന്റെ പ്രജനനം നിയന്ത്രിക്കാൻ നടപടിയെടുക്കും.
വി.സി.ആര്.സി ഡയറക്ടര്‍ ഉള്‍പ്പെടെ വിദഗ്ധര്‍ പങ്കെടുത്ത് നടന്ന വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് കൊതുകുനിവാരണത്തിന് സഹകരിക്കാൻ ധാരണയായത്. നഗരത്തിലെ സെപ്ടിക് ടാങ്കുകളും കാനകളും വെന്റ് പൈപ്പുകളും നിരീക്ഷിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ കര്‍മപദ്ധതി നടപ്പാക്കണമെന്ന് വി.സി.ആര്.സി നിർദേശിച്ചു. ഇതിനായാണ് രണ്ട് ലാബുകള്‍ സ്ഥാപിക്കുക. '90കളുടെ അവസാനത്തില്‍ കൊച്ചിയില്‍ ഐ.സി.എം.ആറിന്റെ ഭാഗമായ വി.സി.ആര്.സിയുടെ സഹകരണം ലഭ്യമായിരുന്നു. നിലവില്‍ ഒരാഴ്ചയായി നഗരസഭയില്‍ ഹെല്‍ത്ത് ചെയര്മാന് ടി.കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ കൊതുക് നിവാരണത്തിന് കര്‍മപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. കൊതുക് നിവാരണ മരുന്നുകള്‍, കൊതുകുകളുടെ തരംതിരിവ്, പ്രജനന രീതി മനസ്സിലാക്കിയുള്ള നിയന്ത്രണം എന്നീ പ്രവര്‍ത്തനങ്ങളില്‍ വി.സി.ആര്.സി.യുടെ സഹായം തേടി.
യോഗത്തില്‍ മേയർ എം. അനിൽകുമാർ, വി.സി.ആര്.സി ഡയറക്ടര്‍ ഡോ. അശ്വനികുമാര്‍, സയന്റിസ്റ്റ് ഡോ. എ.എന്‍. ശ്രീറാം, ഡോ. കെ.എന്‍. പണിക്കര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ടി.കെ. അഷ്റഫ്, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.