കൊതുക് ശല്യം രൂക്ഷം സോഷ്യൽ മീഡിയയിലും കാമ്പയിൻ
text_fieldsകൊച്ചി: കൊതുക് ശല്യം രൂക്ഷമായതിൽ കൊച്ചി കോർപറേഷനെതിരെ സോഷ്യൽ മീഡിയയിൽ കാമ്പയിനുമായി ജനങ്ങൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കൊതുക് ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. കൊതുക് പെരുകാതിരിക്കാനുള്ള നടപടികൾ കോർപറേഷന്റെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നതിലേക്ക് എത്തിച്ചതെന്നാണ് നാട്ടുകാരും പ്രതിപക്ഷവും ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ കാമ്പയിനുമായി സിനിമ താരങ്ങളടക്കം രംഗത്തെത്തിയിരിക്കുന്നത്.
രക്തം ഊറ്റിക്കുടിക്കുന്ന കൊതുകിന്റെ ചിത്രത്തിനൊപ്പം 'ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിൻ കോർപറേഷൻ, അധികാരികൾ കണ്ണ് തുറക്കുക' എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കിൽ കാമ്പയിൻ നടക്കുന്നത്. പ്രതിപക്ഷവും സാംസ്കാരിക സംഘടനകളും നിരവധി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ കാമ്പയിൻ ആരംഭിച്ചത്.
കൊച്ചിയിലെ കൊതുക് ശല്യത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നില്‍ കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് റാക്കറ്റുമായി തിരുവാതിര കളിച്ച് പ്രതിഷേധിച്ചിരുന്നു. അതിന് പിന്നാലെ കൊച്ചി നഗരസഭ സോണൽ ഓഫീസിനകത്ത് കയറി കൊതുക് പിടിത്ത മത്സരവും മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകർ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി നഗരസഭയുടെ നേതൃത്വത്തിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കൊതുകിന്റെ കുത്തേറ്റ് സ്കിൻ അലർജിയടക്കമുള്ളവക്ക് ചികിത്സതേടേണ്ടി വന്നതായി പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് എറണാകുളം. കോവിഡ് വ്യാപനം കണക്കിലെടുത്ത് വീട്ടിലിരിക്കാൻ അധികാരികൾ പറയുമ്പോൾ വീടുകളിൽ കഴിയുന്നവർ കൊതുകിന്റെ കടിയേറ്റ് വലയുകയാണ്. കോവിഡിനൊപ്പം കൊതുകുശല്യവും രൂക്ഷമായതോടെ പരാതികളുന്നയിട്ടിച്ചും കെട്ടിക്കിടക്കുന്ന വെള്ളങ്ങളിലും കാനകളിലും മരുന്നുതളിക്കാനോ ഫോഗിങ്ങ് നടത്താനോ അധികൃതർ തയാറാകുന്നില്ലെന്നും ജനങ്ങൾ പറയുന്നു. പശ്ചിമ കൊച്ചിയിലടക്കം മിക്കയിടങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.