കൊതുക് ശല്യം: പ്രതിഷേധ തിരുവാതിര കളിച്ച് കൗൺസിലർമാർ, കൊതുക് പിടിത്ത മത്സരം നടത്തി നാട്ടുകാർ
text_fieldsമട്ടാഞ്ചേരി: രാപകൽ വ്യത്യാസമില്ലാതെയുള്ള കൊതുകുശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ. ഫോർട്ട്കൊച്ചി നഗരസഭ സോണൽ ഓഫിസ് ചുറ്റുവളപ്പിൽ കൊതുക് പിടിത്ത മത്സരം സംഘടിപ്പിച്ച് മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകർ. രണ്ട് വർഷമായി ഫോഗിങ്ങോ കാനകളിൽ മരുന്ന് തളിയോ മറ്റ് പ്രതിരോധ പ്രവർത്തനങ്ങളോ നഗരസഭ നടത്തുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. കോവിഡിനൊപ്പം കൊതുകുശല്യവും മൂലം പൊറുതിമുട്ടിയിരിക്കയാണ് നാട്ടുകാർ. നിശ്ചിത സമയത്തിനുള്ളിൽ 116 കൊതുകുകളെ പിടിച്ച് ആർ.ബഷീർ ഒന്നാം സമ്മാനമായ ഇലക്ട്രിക് മോസ്കിറ്റോ ബാറ്റിന് അർഹനായി. 101 കൊതുകുമായി സംജാത് ബഷീർ രണ്ടാം സ്ഥാനം നേടി കൊതുകു വല സമ്മാനമായി കരസ്ഥമാക്കി. ആർ. രവികുമാർ 76 കൊതുകുകളെ പിടിച്ച് മൂന്നാം സമ്മാനമായ ഒരു പാക്കറ്റ് കൊതുകുതിരി നേടി. മത്സരം സാമൂഹ്യ പ്രവർത്തകൻ റഫീഖ് ഉസ്മാൻ സേട്ട് ഉദ്ഘാടനം ചെയ്തു. മഹാത്മാ സാംസ്കാരിക വേദി ചെയർമാൻ ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. എം.എം. സലീം, പി.എ. ഷംസു ,സുജിത്ത് മോഹൻ, നവാസ് എന്നിവർ സംസാരിച്ചു.
പ്രതിഷേധ ചുവടുവെച്ച് പ്രതിപക്ഷം
കൊച്ചി: നഗരത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധ തിരുവാതിര കളിച്ച് യു.ഡി.എഫ് കൗൺസിലർമാർ. ഭരണപക്ഷമായ എൽ.ഡി.എഫ് നേതാക്കളുടെ കണ്ണ് തുറപ്പിക്കാനെന്ന് വ്യക്തമാക്കിയാണ് ഏഴ് യു.ഡി.എഫ് വനിത കൗൺസിലർമാർ തിരുവാതിര ചുവടുകൾ വെച്ചത്. സമ്മേളനത്തിന് മാത്രമല്ല, സമരത്തിലും തിരുവാതിരകളി കണ്ടപ്പോൾ കാണികൾക്കും കൗതുകമായി. സെറ്റ് മുണ്ടും ഉടുത്ത് കൈയില്‍ കൊതുകിനെ കൊല്ലുന്ന ബാറ്റും പിടിച്ചാണ് കോര്പറേഷന് ഓഫിസിന് മുന്നില്‍ കൗണ്‍സിലര്‍മാരുടെ തിരുവാതിര. കൈകള്‍ കൂട്ടിയടിക്കുന്നതിന് പകരം കൊതുക് ബാറ്റ് മുട്ടിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വനിതാ കൗണ്‍സിലര്‍മാരുടെ തിരുവാതിരക്ക് പിന്തുണയുമായി പുരുഷന്മാരായ യു.ഡി.എഫ് കൗണ്‍സിലര്‍മാരും എത്തി. കോർപറേഷന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ദീപ്തി മേരി വര്‍ഗീസിന് ബാറ്റ് കൈമാറി സമരം ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പറേഷനില്‍ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ലെന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ ആരോപിക്കുന്നത്. പ്രതിപക്ഷ അംഗങ്ങള്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നശീകരണത്തിനുള്ള സാമഗ്രികള്‍ വാങ്ങിയതെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. അതേസമയം, പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നുവെന്നാണ് കോര്പറേഷന് മേയര്‍ എം. അനില്‍കുമാര്‍ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.